ലക്നൗ: ഒടുവിൽ ഭാരതീയർ കാത്തിരുന്ന ആ സുദിനം വന്നെത്തിയിരിക്കുകയാണ്. നാളെ അയോദ്ധ്യാ രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് വർണ്ണാഭമായി നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും അടക്കമുള്ള ക്ഷേത്രട്രസ്റ്റികളുടെ സാന്നിധ്യത്തിലാണ് നാളെ പ്രാണപ്രതിഷ്ഠ നടക്കുക. ഏഴായിരത്തോളം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിനായി അയോദ്ധ്യയിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ഏകദേശം പതിമൂവായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിലവിൽ അയോദ്ധ്യയിൽ വിന്യസിച്ചിട്ടുണ്ട്. ആന്റി-ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും മേഖലയിൽ സജ്ജരാണ്. ഇതുകൂടാതെ ആകസ്മിക സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എൻഡിആർഎഫ് സംഘവും അയോദ്ധ്യയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ക്ഷേത്രനിർമ്മാണത്തിന്റെ ഭാഗമായവരും പ്രാണപ്രതിഷ്ഠാ ചടങ്ങിലെ മുഖ്യാതിഥികളാണ്. ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ മുതൽ വ്യവസായ പ്രമുഖരായ മുകേഷ് അംബാനിയും ഗൗതം അദാനിയും വരെ ചടങ്ങിൽ അതിഥികളാണ്. കായിക പ്രതിഭകളായ സച്ചിൻ ടെൻഡുൽക്കർ, എംഎസ് ധോണി എന്നിവരും പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങുകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം രാമക്ഷേത്ര ഉദ്ഘാടനത്തിനെത്തിയ എല്ലാവരെയും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.