ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ടൂത്ത് ബ്രഷും പേസ്റ്റും. പല തരത്തിലുള്ള ബ്രഷുകളാണ് നാം പല്ല് വൃത്തിയാക്കാനായി ഉപയോഗിക്കുന്നത്. വളയുന്നവയും വളയാത്തവയും വ്യാസമനുസരിച്ച് മൃദുവായതും ഇടത്തരവും കട്ടി കൂടിയതുമായ ബ്രഷുകൾ വിപണിയിൽ ലഭ്യമാണ്. പേസ്റ്റും അതുപോലെ തന്നെ, പല രുചിയിലും മണത്തിലും നിറത്തിലുമുള്ള പേസ്റ്റ് ഉപയോഗിക്കുന്നവരാണ് നാം.
പല്ലുകൾ വൃത്തിയാക്കാൻ ഒഴിച്ചുകൂടാനാവത്തവയാണ് ബ്രഷും പേസ്റ്റും. എന്നാൽ ബ്രഷ് നിറയെ പേസ്റ്റെടുക്കാതിരിക്കാൻ ശ്രമിക്കുക. ബ്രിസിലുകൾക്ക് ഉള്ളിൽ വേണം പേസ്റ്റ് വെക്കാൻ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. ഇത് പ്രതലഘർഷണം കൂട്ടി കൂടുതൽ നന്നായി അഴുക്ക് കളയാൻ സഹായിക്കും. ദിവസം രണ്ട് നേരം പല്ല് തേക്കണം.
പല ടൂത്ത് പേസ്റ്റുകളിലും മണ്ണിലും പാറകളിലും സ്വാഭാവികമായി കാണപ്പെടുന്ന ധാതുവായ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ട്. ഒരു പരിധി വരെ പല്ല് വൃത്തിയാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് ഇവയാണ്. എന്നാൽ ഫ്ലൂറൈഡ് അധികമായാൽ പല്ലുകൾക്ക് ദോഷം ചെയ്യും. അതുകൊണ്ടാണ് പേസ്റ്റ് അധികമായി എടുക്കരുതെന്ന് പറയുന്നത്. ജെൽ രൂപത്തിലുള്ള ടൂത്ത് പേസ്റ്റിനേക്കാൾ പല്ലുകളുടെ ആരോഗ്യത്തിന് ക്രീം രൂപത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് കൂടാതെ ടൂത്ത് പേസ്റ്റ് അധിക നേരം വായിൽ പിടിച്ചു വയ്ക്കാനും ശ്രമിക്കരുത്. വായിൽ പൊള്ളൽ അനുഭവപ്പെട്ടാൽ ആ ടൂത്ത് പേസ്റ്റ് ഒഴിവാക്കുന്നതാകും നല്ലത്.















