പട്ന: രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്ന് ഭീഷണി മുഴക്കിയ 21-കാരൻ പിടിയിൽ. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയെന്ന് അവകാശപ്പെടുന്ന ഇന്റെഖാബ് ആലം ആണ് പോലീസിനെ വിളിച്ച് ഭീഷണി മുഴക്കിയത്. ബിഹാറിലെ അരാരിയ ജില്ലയിലെ പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്.
അടിയന്തര സഹായത്തിനായി പോലീസിനെ ബന്ധപ്പെടുന്ന 112 എന്ന നമ്പറിൽ വിളിച്ചായിരുന്നു ഇയാളുടെ ഭീഷണി. പേര് ഛോട്ടാ ഷക്കീൽ എന്നാണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും പറഞ്ഞ ഇയാൾ, പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന അന്നേ ദിനം രാമക്ഷേത്രം ബോംബിട്ട് തകർക്കുമെന്നും പറഞ്ഞു. പിന്നാലെ ഫോൺ കോൾ അവസാനിക്കുകയായിരുന്നുവന്ന് എസ്.പി പറഞ്ഞു. പിന്നാലെ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പിതാവിന്റെ ഫോണിൽ നിന്നാണ് കോൾ വിളിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
7,000-ത്തോളം വിശിഷ‍്ട അതിഥികൾ പങ്കെടുക്കുന്ന രാമക്ഷേത്രത്തിലും അയോദ്ധ്യയിലും പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 13,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.















