ന്യൂഡൽഹി: സ്വതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽ നടക്കുന്ന ‘പരാക്രം ദിവസ്’ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന അപൂർവ്വ ഫോട്ടോകളും രേഖകളും ആസാദ് ഹിന്ദ് ഫൗജിനെ അടയാളപ്പെടുന്നതിന്റെ പ്രദർശനങ്ങൾ ഉണ്ടാകും. ഇത് പൊതുജനങ്ങളിൽ ആഴത്തിലുള്ള അറിവ് പകരുമെന്നും വൃത്തങ്ങൾ അറിയിച്ചു.
അടിമത്ത ഭാരതത്തിന്റെ രക്ഷയ്‌ക്കായി ഇന്ത്യന്‍ നാഷണല്‍ ആര്‍മി എന്ന പേരില്‍ ഭാരതീയമായ സൈനിക വ്യൂഹം യാഥാർത്ഥ്യമാക്കിയ പോരാട്ട നായകനാണ് സുഭാഷ് ചന്ദ്രബോസ്. ആസാദ് ഹിന്ദ് ഫൗജ് എന്ന് ഹിന്ദിയില്‍ പേരിട്ടുവിളിച്ച തദ്ദേശീയ സൈന്യത്തിലേക്ക് സായുധ സ്വാതന്ത്ര്യ സമരത്തില്‍ ഉറച്ചുവിശ്വസിച്ച നിരവധിപേരാണ് ചേര്‍ന്നത്.
ചെങ്കോട്ടയിൽ നടക്കുന്ന ആഘോഷങ്ങൾ 31 വരെ നീളും. രാജ്യത്തിന്റെ പാരമ്പര്യവും സമ്പന്നതയും വൈവിധ്യവും പ്രദർശിപ്പിക്കുന്ന ‘ഭാരത് പർവ്’ പദ്ധതിയും പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ചെങ്കോട്ടയ്‌ക്ക് മുന്നിലുള്ള രാം ലീല മൈതാനത്തും മാധവ് ദാസ് പാർക്കിലുമായി ജനുവരി 31 വരെയാകും ഭാരത് പർവ് നടക്കുക.
സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുകയും ഓർമ്മിക്കുകയും വേണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ തുടങ്ങിയത്. 2021-ലാണ് ആദ്യമായി പരാക്രം ദിവസ് ആഘോഷിച്ചത്.