ന്യൂഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ. ജയ് ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ, മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ, ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ് എന്നിവർ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചത്.
രാം ലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രമാണ് റിങ്കു സിംഗ് പങ്കുവച്ചിരിക്കുന്നത്. ജയ് ശ്രീറാം ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് ഭഗവാൻ ശ്രീരാമന്റെ ചിത്രം ഡേവിഡ് വാർണറും കേശവ് മഹാരാജും ഇൻസറ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു. വാഗ്ദാനം പാലിച്ചു. അയോദ്ധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായി.- ഡാനിഷ് കനേരിയ പറഞ്ഞു.
അയോദ്ധ്യയിലെ പുതിയ ശ്രീരാമക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാഗരിക ശൈലിയിലുള്ള ക്ഷേത്രത്തിന്റെ വാസ്തു വിദ്യ എല്ലാവരെയും ആകർഷിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് സച്ചിൻ ടെൻഡുൽക്കർ എക്‌സിൽ കുറിച്ചത്.















