ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനം. അടിമത്ത ഭാരതത്തിന്റെ രക്ഷയ്‌ക്കായി ഇന്ത്യൻ നാഷണൽ ആർമി എന്ന പേരിൽ ഭാരതീയമായ സൈനിക വ്യൂഹം ഉണ്ടാക്കിയ മഹന്റെ സ്മരണയിലാണ് രാജ്യം. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിൽ ഉജ്വലമായ പോരാട്ട വീര്യം കൊണ്ട് ശ്രദ്ധേയമാണ് നേതാജിയുടെ ജീവിതം.
ഭാരതത്തെ അടക്കി വാണിരുന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ, ഇന്ത്യക്ക് പുറത്തുനിന്ന് ഏങ്ങനെ മറ്റ് രാജ്യങ്ങളെ കൂട്ടുപിടിച്ച് പോരാടാം എന്ന രാജ്യാന്തര യുദ്ധതന്ത്രം ആദ്യമായി പയറ്റി വിജയിച്ചയാളായിരുന്നു സുഭാഷ് ബോസ്. ആസാദ് ഹിന്ദ് ഫൗജ് എന്ന് ഹിന്ദിയിൽ പേരിട്ടുവിളിച്ച തദ്ദേശീയ സൈന്യത്തിലേക്ക് സായുധ സ്വാതന്ത്ര്യ സമരത്തിൽ ഉറച്ചുവിശ്വസിച്ച നിരവധിപേർ ചേർന്നു. അന്നത്തെ ഇന്ത്യൻ യുവത്വം ഏറ്റവും ആരാധിച്ചിരുന്ന സ്വാതന്ത്ര്യ സമരനേതാവും സുഭാഷ് ചന്ദ്രബോസായിരുന്നു.
1897 ജനുവരി 23-നാണ് നേതാജി ജനിച്ചത്. ഒഡീഷയിലെ കട്ടക്കിൽ ജാനകി നാഥ് ബോസിന്റേയും പ്രഭാവതീ ദത്ത് ബോസിന്റെയും മകനായിട്ടാണ് ജനനം. 14 മക്കളിൽ ഒൻപതാമനായിരുന്നു സുഭാഷ്. മികച്ച വിദ്യാർത്ഥിയായി തിളങ്ങിയ സുഭാഷ് കൊൽക്കത്തയിലെ പ്രസിദ്ധമായ പ്രസിഡൻസി കോളേജിലാണ് പഠിച്ചത്. എന്നാൽ ഇന്ത്യാ വിരുദ്ധപരാമർശവും വംശീയ വിദ്വേഷവും പ്രകടിപ്പിച്ച ഒരു പ്രൊഫസറെ അക്രമിച്ചതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കി. തുടർന്ന് സക്കോട്ടിഷ് ചർച്ച് കോളേജിൽ നിന്ന് ബിഎ ഫിലോസഫി പഠനം പൂർത്തിയാക്കി. അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി അന്നത്തെ സിവിൽ സർവീസായ ഐസിഎസിനായി ലണ്ടനിൽ പോവുകയും നാലാമനായി മികച്ച രീതിയിൽ പാസ്സാവുകയും ചെയ്തു.
എന്നാൽ ബ്രിട്ടീഷുകാരന്റെ അടിമപ്പണി ചെയ്യില്ലെന്ന ശപഥമെടുത്താണ് പദവികൾ വലിച്ചറിഞ്ഞ് സ്വാതന്ത്ര്യ സമരത്തിലേക്ക് തന്റെ ജീവിതം ഹോമിച്ചത്. പ്രസിദ്ധ വിപ്ലവകാരി ചിത്തരഞ്ജൻ ദാസിന്റെ കീഴിലാണ് സുഭാഷ് ബോസ് സ്വാതന്ത്ര്യ സമര പോരാട്ടം തുടങ്ങിയത്. അതിനൊപ്പം സ്വരാജ് എന്ന പത്രവും ആരംഭിച്ചു. 1941-ൽ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ട് അഫാഗാനിസ്ഥാൻ റഷ്യവഴി ജർമ്മനിയിലേക്കെത്തിയ സുഭാഷ് ആസാദ് ഹിന്ദ് റേഡിയോ ആരംഭിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടി.ഏഴോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന സുഭാഷ് ബോസ് റേഡിയോ പ്രക്ഷേപണത്തിലൂടെ ബ്രിട്ടന്റെ ക്രൂരതകൾ തുറന്നുകാട്ടി.1943-ൽ ജപ്പാനിലെത്തിയതോടെ ബ്രിട്ടീഷുകാർക്കെതിരെ സായുധ പോരാട്ടത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. 40,000 പേരെയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി സുഭാഷ് ബോസ് ജപ്പാന്റെ സഹായത്താൽ പരിശീലിപ്പിച്ച് തയ്യാറാക്കിയത്.
ജപ്പാൻ സൈന്യത്തിന്റെ കൂടെ സഹായത്താൽ സിംഗപ്പൂരിലേക്കും പിന്നീട് ഇന്നത്തെ മ്യാൻമറിലേക്കും എത്തിയ സുഭാഷിന്റെ ഐഎൻഎ സൈന്യം അസാമിലെ പോരാട്ടത്തിൽ ബ്രിട്ടനെതിരെ ശക്തമായി പോരാടി. ബ്രിട്ടൺ സിംഗപ്പൂർ പിടിച്ചതോടെ കീഴടങ്ങാതെ രക്ഷപെട്ട സുഭാഷ് സോവിയറ്റ് യൂണിയന്റെ ബ്രിട്ടീഷ് വിരോധം മുതലാക്കി മഞ്ചൂറിയയിലേക്ക് കടന്നു. എന്നാൽ യാത്രക്കിടെ തായവാനിലെ വിമാനാപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരണമടഞ്ഞതായാണ് കരുതപ്പെടുന്നത്. 1945 ആഗസ്റ്റ് 18-ന് അദ്ദേഹം മരണപ്പെട്ടതായാണ് കരുതുന്നത്.
സംഭവബഹുലമായിരുന്നു നേതാജിയുടെ ജീവിതം. അതിലുപരി നിഗൂഢതകളും കെട്ടുകഥകളും കൊണ്ട് സമ്പന്നമാണ് അദ്ദേഹത്തിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള കഥകളും. അന്ന് ബ്രിട്ടീഷ് സർക്കാർ ഉണ്ടാക്കിയ രേഖകൾ ഇന്ത്യൻ സ്വാതന്ത്രസമരസേനാനികളുടെ മനോവീര്യം തകർക്കാനാണെന്നും സുഭാഷ് ബോസ് മരിച്ചിട്ടില്ലെന്നും വേഷം മാറി ഇന്ത്യയിലെത്തിയെന്നുമുള്ള നിരവധി സൂചനകളും അടുത്തകാലത്ത് വെളിച്ചത്തുവന്നിരുന്നു. വിപ്ലവകാരിയായ വീരപുത്രന്റെ മരണം ഇന്നും ദുരൂഹമായി തുടരുകയാണ്…