മുംബൈ: രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന വേളയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് രാമനെന്നും സീതയെന്നും പേര് നൽകി മാതാപിതാക്കൾ. അയോദ്ധ്യയിൽ ഇന്നലെ ബാലരാമന്റെ പ്രാണപ്രതിഷ്ഠാ മുഹൂർത്ത സമയത്ത് ഭാരതത്തിന്റെ വിവിധ കോണിൽ ജനിച്ച കുഞ്ഞുങ്ങൾക്കാണ് മാതാപിതാക്കൾ ഇത്തരത്തിൽ പേരിട്ടത്. ജനുവരി 22ന് പ്രസവ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടത് മാതാപിതാക്കൾ തന്നെയായിരുന്നു. ഇതോടെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ വേളയിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ നിരവധി കുഞ്ഞുങ്ങൾ ജനിച്ചുവീണു. മൂഹൂർത്ത സമയത്ത് പിറന്നുവീണകുട്ടികളിൽ ഭൂരിഭാഗം പേർക്കും രാമനെന്നും സീതയെന്നുമായിരുന്നു പേരിട്ടത്.
കർണ്ണാടകയിലെ വിജയപൂരിൽ ജെഎസ്എസ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ അമ്പതോളം പേരാണ് ജനുവരി 22ന് പ്രസവം നടത്തണമെന്ന് ആവശ്യപ്പെട്ടത്. ഇതിൽ ഇരുപത് പേർക്ക് അനുമതി ലഭിച്ചിരുന്നു. മദ്ധ്യപ്രദേശിൽ മൂന്ന് ജില്ലകളിലെ വിവിധ ആശുപത്രികളിൽ 47 പേരുടെ പ്രസവം മുൻകൂട്ടിയുള്ള ധാരണപ്രകാരം ഇന്നലെ നടന്നിരുന്നു. യുപിയിലെ ഫിറോസാബാദ് ജില്ലാ ആശുപത്രിയിൽ ഫർസാന എന്ന യുവതി ജന്മം നൽകിയ ആൺകുഞ്ഞിന് അവരുടെ മുത്തശ്ശി ഹസ്‌ന ബാനു പേരുനൽകിയത് റാം റഹീം എന്നായിരുന്നു.















