അയോദ്ധ്യ: ഗുജറാത്തിലെ സൂറത്തിൽ നിന്നുള്ള വജ്രവ്യാപാരി രാംലല്ലയ്‌ക്ക് സമ്മാനിച്ചത് 11 കോടി രൂപയുടെ കിരീടം. അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ബാലക രൂപത്തിലുള്ള രാമന്റെ പ്രാണപ്രതിഷ്ഠയും പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ മുകേഷ് പട്ടേൽ എന്ന വ്യാപാരിയാണ് കോടികൾ വിലവരുന്ന കിരീടം സമ്മാനിച്ചത്.
സൂറത്തിലെ ഗ്രീൻ ലാബ് ഡയമണ്ട് കമ്പനിയുടെ ഉടമയാണ് മുകേഷ് പട്ടേൽ. സ്വർണ്ണവും വജ്രവും മറ്റ് അപൂർവ്വ രത്‌നങ്ങളും ചേർന്ന് നിർമ്മിച്ച കിരീടത്തിന് ആറ് കിലോ ഗ്രാം തൂക്കമുണ്ട്. പ്രണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യയിലെത്തിയ മുകേഷും കുടുംബവും ക്ഷേത്ര ട്രസ്റ്റിനെ നേരിട്ട് കണ്ടാണ് കിരീടം കൈമാറിയത്.
രാംലല്ലയ്‌ക്ക് വേണ്ടി കിരീടം സമ്മാനിക്കുന്നതിന് മുന്നോടിയായി രണ്ട് ജീവനക്കാരെ ക്ഷേത്രത്തിലെത്തിച്ച് വിഗ്രഹത്തിന്റെ അളവ് എടുത്തിരുന്നതായി മുകേഷ് പട്ടേൽ വ്യക്തമാക്കി. നാല് കിലോ സ്വർണ്ണവും വജ്രം, റൂബി, പേൾ എന്നിങ്ങനെയുള്ള കല്ലുകളും ഉപയോഗിച്ച തയ്യാറാക്കിയ കിരീടമാണിത്.















