ഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ‘പർവ്വത്മല പരിയോജന’ പദ്ധതികളുടെ എണ്ണം 400 ആയി ഉയർത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമാണ് ദേശീയ റോപ്‌വേ വികസന പദ്ധതിയായ പർവ്വത്മല പരിയോജന. പർവ്വത മേഖലകളിലെ യാത്ര സുഗമമാക്കുന്നതിന് വേണ്ടി 1.25 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ, അതിനാൽ രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ടെന്നും നിതിൻ ഗഡ്കരി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശ പ്രകാരം ഞങ്ങൾ ആരംഭിച്ച പർവ്വത്മല പദ്ധതി രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനോടകം 1.25 ലക്ഷം കോടി രൂപയുടെ 200 പദ്ധതികൾ കണ്ടെത്തി കഴിഞ്ഞു. പദ്ധതികളുടെ എണ്ണം 400-ലധികം വരാം. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ തന്നെ ഇത് ആരംഭിക്കും. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലോ കുന്നിൻ മുകളിലെ ക്ഷേത്രങ്ങളിലോ റോപ്‌വേയും കേബിൾ കാറുകളും ഇന്ന് ലഭ്യമാണ്. മാത്രമല്ല, വലിയ ട്രാഫിക്കുള്ള റൂട്ടുകളിൽ ഒരു സ്കൈബസ് അല്ലെങ്കിൽ ഡബിൾ ഡെക്കർ ബസ് തുടങ്ങിയാൽ പ്രശ്നങ്ങൾ പരിഹരിക്കാം”.
“പർവ്വത്മല പദ്ധതിക്ക് കീഴിൽ അഞ്ച് വർഷത്തിനുള്ളിൽ 1,200 കിലോമീറ്ററിലധികം നീളമുള്ള 250 ലധികം റോപ്പ്‌വേ വികസിപ്പിക്കാൻ സർക്കാർ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ‘മെയ്‌ക്ക് ഇൻ ഇന്ത്യ ‘ പദ്ധതിക്ക് കീഴിൽ റോപ്പ് വേ ഘടകങ്ങളുടെ നിർമ്മാണം സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ന് ഇന്ത്യ. രാജ്യത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇന്ന് അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തും. അതിനാലാണ് ഞങ്ങൾ രാജ്യത്ത് ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്”- നിതിൻ ഗഡ്കരി പറഞ്ഞു.















