തന്റെ പേര് വച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടി ഉർവ്വശി. അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെയാണ് ഭഗവാൻ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഉർവ്വശിയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ഇടത്-ജിഹാദി സൈബർ ഗ്രൂപ്പുകൾ പ്രചരിപ്പിച്ചത്. രാമനെ ദൈവമായി കരുതുന്നില്ല എന്നും അയോദ്ധ്യയിലേത് ബിജെപിയുടെ രാഷ്‌ട്രീയ രാമനാണെന്നും ഉർവ്വശി പറഞ്ഞു എന്നാണ് ഇവർ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് താരം രംഗത്തു വന്നിരിക്കുന്നത്.
തന്റെ പേരിൽ പ്രചരിക്കുന്നത് താൻ പറയാത്ത കാര്യങ്ങളാണെന്നും രാഷ്‌ട്രീയ-വർഗീയ സ്പർദ്ധ പുലർത്തുന്ന വ്യാജ പോസ്റ്റുകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഉർവ്വശി പറഞ്ഞു. അഭിനയത്തിൽ മാത്രമാണ് താൻ ശ്രദ്ധിക്കുന്നത്. എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് താനെന്നും ഉർവ്വശി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
ഉർവ്വശിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,
പ്രിയ സുഹൃത്തുക്കളേ…
എന്റെ പേരിൽ ഞാൻ പറയാത്ത ചില കാര്യങ്ങൾ പറഞ്ഞുവെന്ന രീതിയിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ മനസാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങളാണ് അതിലൂടെ പ്രചരിക്കുന്നത് എന്നതിൽ എനിക്ക് വിഷമമുണ്ട്. ആത്യന്തികമായി ഞാൻ ഒരു കലാകാരിയാണ്. അഭിനയത്തിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ ചെലുത്തുന്നത്. രാഷ്‌ട്രീയ-വർഗീയ സ്പർദ്ധയോ അനുഭാവമോ പുലർത്തുന്ന ഇത്തരം വ്യാജ പോസ്റ്റുകളിൽ എനിക്ക് യാതൊരു രീതിയിലുള്ള പങ്കും ഇല്ലെന്ന് അറിയിച്ചുകൊള്ളട്ടെ.
ഒരു കലാകാരിക്ക് എല്ലാവരെയും ഒരുപോലെ കാണുന്ന മനസായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ഒപ്പം എല്ലാവരുടെ വിശ്വാസങ്ങളെയും ഒരേപോലെ മാനിക്കുന്ന, ബഹുമാനിക്കുന്ന ഒരു ഈശ്വരവിശ്വാസി കൂടിയാണ് ഞാൻ. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഷെയർ ചെയ്യാതിരിക്കുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രിയ കലാകാരിയെന്ന നിലയ്‌ക്ക് എന്റെ അഭ്യർത്ഥനയാണിത്.















