സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് തേജ സജ്ജ നായകനായെത്തിയ ഹനുമാൻ. ചിത്രത്തിന്റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് വര്‍മ. ചിത്രത്തിൽ തേജസജ്ജയ്‌ക്ക് പുറമേ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു വിഭിഷൻ ആയെത്തിയ സമുദ്രക്കനിയുടേത്. സമുദ്രക്കനിക്ക് മുമ്പ് ഈ വേഷം ചെയ്യാൻ സമീപിച്ചത് ഋഷഭ് ഷെട്ടിയെ ആയിരുന്നെന്നാണ് സംവിധായകൻ പറയുന്നത്.

കാന്താര സിനിമയുടെ തിരക്കുകളിലായിരുന്നതിനാൽ ഋഷഭ് നോ പറയുകയായിരുന്നെന്നാണ് പ്രശാന്ത് വർമ പറയുന്നത്. പ്രശാന്ത് വര്‍മ സിനിമാ യൂണിവേഴ്‍സില്‍ ഏതെങ്കിലുമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നതായി പറഞ്ഞെന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അതിമാനുഷികനായ ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്ന്. കൽക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ തെലുങ്ക് സംവിധായകനാണ് പ്രശാന്ത് വർമ്മ. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും പ്രശാന്ത് വർമ്മ തന്നെയാണ്. ചിത്രം ഇതിനോടകം 150 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ സിനിമയാണ് ഹനുമാൻ.















