അടുത്തിടെയായിരുന്നു താരപുത്രി മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം നടന്നത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. മലയാളികൾ ആഘോഷമാക്കിയ വിവാഹ നിശ്ചയത്തിന്റെ വീഡിയോ പുറത്തുവിട്ടു. മാജിക് മോഷൻ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ വിവാഹ നിശ്ചയത്തിന്റെ മനോഹര നിമിഷങ്ങൾ കോർത്തിണക്കിയിരിക്കുന്നു. ഒപ്പം ഇരുവരും പ്രണയ വിശേഷങ്ങളും പങ്കുവക്കുകയാണ്.
‘ എന്റെ മുപ്പത് വർഷത്തെ ജീവിതത്തിനിടെ മറ്റാരോടും ഇത്തരത്തിൽ ഒരിഷ്ടം തോന്നിയിട്ടില്ല. ഇതുപോലെ എന്നെ സ്വാധീനിച്ച മറ്റൊരു വ്യക്തി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. മാളവികയ്‌ക്കൊപ്പമുള്ള എന്റെ ഒരോ നിമിഷവും വളരെ മനോഹരമാണ്. അവളോട് എനിക്ക് തോന്നുന്ന പ്രണയം എന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. അതുകൊണ്ടുതന്നെ അവൾക്കൊപ്പമുള്ള എന്റെ ഓരോ നിമിഷവും വളരെ മനോഹരമാണ്. ഒരോ ദിവസം കഴിയുംതോറും ഞങ്ങളുടെ ആത്മബന്ധം വളരെ ആഴമുള്ളതായിക്കൊണ്ടിരിക്കുകാണ്. നവനീത് കൂട്ടിച്ചേർത്തു.
അച്ഛനും അമ്മയും സ്നേഹിക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നത്. അവർക്കിടയിലുള്ളത് വെറുമൊരു വിവാഹബന്ധം മാത്രമല്ല. മറ്റൊരാളിൽ സ്നേഹവും സൗഹൃദവും കണ്ടെത്തലാണ്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഞാൻ നവനീതിനെ പരിചയപ്പെട്ടതും ഇഷ്ടത്തിലായതും. ആ ഇഷ്ടമാണ് ഇപ്പോൾ വിവാഹ നിശ്ചയം വരെ എത്തിനിൽക്കുന്നത്. ചിലപ്പോഴൊക്കെ നമ്മുടെ ആത്മവിശ്വാസത്തെ മാത്രം മുറുകെ പിടിച്ച് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. അത്തരത്തിൽ ഞാനെടുത്ത തീരുമാനമാണിതെന്നും മാളവിക പറയുന്നു.















