മലപ്പുറം: മദ്യപിച്ച് പോലീസ് ജീപ്പോടിച്ച് അപകടമുണ്ടാക്കിയ എഎസ്ഐക്കെതിരെ കേസ്. മലപ്പുറം സ്റ്റേഷനിലെ എഎസ്ഐ ഗോപി മോഹനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാറിലിടിച്ചതിന് ശേഷം ജീപ്പ് നിർത്താതെ പോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ പിടികൂടിയപ്പോഴാണ് എഎസ്ഐ മദ്യപിച്ചിരുന്നതായി ബോധ്യപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രി മങ്കടയിലായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ച കാറിൽ പോലീസ് വാഹനം ഇടിക്കുകയായിരുന്നു. പിന്നാലെ യുവാക്കൾ പോലീസ് വാഹനം പിന്തുടർന്ന് പോകുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വാഹനം പരിശോധിച്ചപ്പോളാണ് മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ ഗോപി മോഹനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മങ്കട പോലീസ് സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.