ഇന്ത്യൻ മഹാസമുദ്രത്തിൽ വാണിജ്യ ഗതാഗതത്തിന് ഭീഷണി ഉയരുന്നതിനെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇസ്രായേൽ-ഹമാസ് സംഘർഷം ഇന്ത്യയുടെ സമുദ്ര മേഖലകളിലേക്കും വ്യാപിക്കുകയാണ്. ഇത് വ്യാപാര-വാണിജ്യ മേഖലയെയും സാരമായി ബാധിക്കുന്നുവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം ഡെപ്യൂട്ടി പ്രതിനിധി ആർ രവീന്ദ്ര അഭിപ്രായപ്പെട്ടു.
സംഘർഷം ഇന്ത്യയുടെ ഊർജ്ജ, സാമ്പത്തിക താത്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും സാഹചര്യം തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സാഹചര്യം അന്താരാഷ്‌ട്ര സമൂഹത്തെ ആശങ്കപ്പെടുത്തുന്നുവെന്നും ഇത് ലോകത്തിന് തന്ന വെല്ലുവിഴളി സൃഷ്ടിക്കുകയാണെന്നും രവീന്ദ്ര പറഞ്ഞു.
യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ സംഘർഷം രൂക്ഷമാകാതിരിക്കാനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കുന്നതിനുമായി ഇന്ത്യ നിർദ്ദേശങ്ങൾ നൽകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികളുടെ കയറ്റുമതിയിലൂടെയും പാലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) അഞ്ച് മില്യൺ ഡോളർ നൽകിയതും അദ്ദേഹം എടുത്തു പറഞ്ഞു. ഇരു പക്ഷവും തമ്മിൽ നേരിട്ടുള്ള ചർച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സംഘർഷം അഴിച്ചുവിടാനായി ഹമാസ് നടത്തുന്ന ശ്രമങ്ങളെയും അതിന് കൂട്ടുനിൽക്കുന്ന ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു.
ഗാസയെ യുദ്ധ യന്ത്രമാക്കി മാറ്റാൻ അന്താരാഷ്‌ട്ര സഹായം ചൂഷണം ചെയ്യുന്ന ഹമാസിന്റെ തുടർച്ചയായ ഭീഷണികളെ കുറിച്ച് ബോധവാന്മാരാകണമെന്നും അവയെ അഭിസംബോധന ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇസ്രായേൽ പ്രതിനിധി കൗൺസിലിനോട് ആവശ്യപ്പെട്ടു. 1200-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ട അക്രമത്തിലൂടെ ജൂതരെയും ഉന്മൂലനം ചെയ്യുക എന്നതാണ് ഹമാസിന്റെ ലക്ഷ്യമെന്നും പ്രതിനിധി പറഞ്ഞു.