പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തഗ് ലൈഫ്’. കമലഹാസൻ ഉൾപ്പെടെ വൻ താരനിരതന്നെ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം ആരംഭിച്ചെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇക്കാര്യം അറിയിച്ചുകൊണ്ട് ഒരു വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. കമലഹാസനെ കൂടാതെ ജയം രവി, ദുൽഖർ സൽമാൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക്ക്, ജോജു ജോർജ് എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. ഒരു ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും തഗ് ലൈഫ്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ കുറച്ച് മാസങ്ങൾക്ക് മുൻപാണ് ആരംഭിച്ചത്. കൂടാതെ 35 വർഷങ്ങൾക്ക് ശേഷം കമൽഹാസനും മണിരത്‌നവും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. മണിരത്നത്തിനൊപ്പം സംഗീത സംവിധായകൻ എ.ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രാഫർമാർ.















