അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരനും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷത്തിലെത്തുന്നുണ്ട്. എന്നാൽ പുറത്തുവിട്ടിരിക്കുന്ന ടീസർ ആരംഭിക്കുന്നത് പൃഥ്വിരാജിന്റെ ശബ്ദത്തോടെയാണ്.
പൃഥ്വിരാജ് നൽകുന്ന ഇൻട്രോയോടെയാണ് ടീസർ ആരംഭിക്കുന്നത് ‘ പ്രളയം സർവ്വനാശം വിതക്കുന്ന മഹാപ്രളയം’ എന്ന ഡയലോഗോടെ ആരംഭിക്കുന്ന ഇൻട്രോ പിന്നീട് മാസ് ഹിന്ദി ഡയലോഗുകളിലൂടെ കടന്നുപോകുന്നു. ചിത്രത്തിൽ കബീർ എന്ന മലയാളി തീവ്രവാദിയുടെ വേഷമാണ് പൃഥ്വിരാജ് കൈകാര്യം ചെയ്യുന്നത്. രാജ്യം സംരക്ഷിക്കാനെത്തുന്ന സൈനികരുടെ വേഷത്തിലാണ് അക്ഷയ് കുമാറും ടൈഗർ ഷ്റോഫും എത്തുന്നത്.
ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിക്കുന്നത്. അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധായകൻ. സൊനാക്ഷി സിൻഹ, മാനുഷി ചെല്ലാർ, അലായ എന്നിവരാണ് ചിത്രത്തിലെ നായികമാർ. രോണിത് റോയിയും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.