വാലിബൻ തിയേറ്ററിലെത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. മോഹൻലാൽ-ലിജോ ജോസ് കൂട്ടുകെട്ടിൽ മാസ്മരിക പ്രകടനം കാണുവാനുള്ള ആവേശത്തിലാണ് ആരാധകർ. ഈ അവസരത്തിൽ സിനിമയെ സംബന്ധിച്ചൊരു കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. വാലിബനും പ്രശസ്ത ജാപ്പനീസ് ഫിലിംമേക്കർ അകിര കുറസോവയും തമ്മിലെന്ത് ബന്ധമെന്നാണ് ചോദ്യം. ഇതിനുള്ള കാരണം, സിനിമയിൽ വാലിബന്റെ ലുക്കും അക്കിര കുറസോവയുടെ യോജിമ്പോയുമായുള്ള സാമ്യതകളുമാണ്.

മലൈക്കോട്ടൈ വാലിബനായുള്ള പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ വാലിബന്റെ ലുക്ക് ജപ്പാനിലെ സാമുറയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജാപ്പനീസ് ഭാഷയിൽ വാലിബൻ എന്നെഴുതിയ പോസ്റ്റർ കൂടി പങ്കുവച്ചതോടെയാണ് ജപ്പാനുെം വാലിബനും തമ്മിലുള്ള ബന്ധം ചർച്ചയായി മാറിയത്.

അക്കിര കുറസോവയുടെ ചിത്രമായ യോജിമ്പോയുടെ ലുക്കും മോഹൻലാലിന് നൽകിയിരിക്കുന്ന ലുക്കും ഒരുപോലെയാണ്. യോജിമ്പോയിലെ നായകനായ തോഷിറോ മിഫ്യൂനെ ചിത്രത്തിൽ ഉപയോഗിച്ചിരുന്ന അതേ വേഷവിധാനങ്ങളാണ് മോഹൻലാലിനും ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ, ജപ്പാനിലെ സാമുറായ് ആയുധം വാലിബനുള്ളതും പ്രേക്ഷകർക്കിടയിൽ വൻ ചർച്ചയായി മാറിയിട്ടുണ്ട്.
മലൈക്കോട്ടൈ വാലിബൻ ഒരു നാടോടിക്കഥയെന്നാണ് അഭിമുഖങ്ങളിൽ ലിജോയും മോഹൻലാലും പറഞ്ഞിരിക്കുന്നത്. ഇനി ജപ്പാനും വാലിബനും തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. നാടോടിക്കഥയിൽ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സാകാം സിനിമ നൽകുന്നത്. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലെ അപൂർവ്വമായ സിനിമയാണ് വാലിബനെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.















