ഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ വൻ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 19,100 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഉത്തർപ്രദേശിലെ ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് നാളെ തുക്കമിടുകയാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യ തിരഞ്ഞെടുപ്പ് റാലിയും ബുലന്ദ്ഷഹറിൽ നിന്നാണ് ആരംഭിക്കുന്നത്.
സമർപ്പിത ചരക്ക് ഇടനാഴിയിൽ (ഡിഎഫ്സി) ന്യൂ ഖുർജയ്ക്കും ന്യൂ റെവാരിക്കുമിടയിൽ 173 കിലോമീറ്റർ നീളമുള്ള ഇരട്ട-ലൈൻ വൈദ്യുതീകരിച്ച ഭാഗവും രണ്ട് സ്റ്റേഷനുകളിൽ നിന്നുള്ള ചരക്ക് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഉയർന്ന വൈദ്യുതീകരണത്തോടുകൂടിയ ഒരു കിലോമീറ്റർ നീളമുള്ള ഇരട്ട-ലൈൻ റെയിൽ തുരങ്കവും ഇവിടെ ഉണ്ട്.
ഇതുകൂടാതെ മഥുര-പൽവാൽ, ചിപിയാന ബുസുർഗ്-ദാദ്രി സെക്ഷനുകളെ ബന്ധിപ്പിക്കുന്ന നാലാമത്തെ റെയിൽ പാതയും ഒന്നിലധികം റോഡ് വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഓയിലിന്റെ തുണ്ഡ്ല-ഗവാരിയ പൈപ്പ്ലൈൻ, ഗ്രേറ്റർ നോയിഡയിലെ സംയോജിത വ്യവസായ ടൗൺഷിപ്പ് (ഐഐടിജിഎൻ) എന്നിവയും മോദി ഉദ്ഘാടനം ചെയ്യും. 1,714 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പദ്ധതി 747 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു.