കൊച്ചി: കേരളത്തെ നടുക്കിയ മൂക്കന്നൂർ കൂട്ടക്കൊലയിൽ പ്രതി ബാബു കുറ്റക്കാരൻ. ബാബുവിനെതിരെ ആരോപിക്കപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞതായി കോടതി കണ്ടെത്തി. കൃത്യമായ രേഖകളും സാക്ഷിമൊഴികളും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചത് കേസിൽ നിർണായകമായി.
പ്രതിയ്‌ക്കുള്ള ശിക്ഷയുമായി ബന്ധപ്പെട്ട വാദം ഈ മാസം 29-ന് നടക്കും. 2018 ഫെബ്രുവരി 11-നാണ് കേസിന് ആസ്പദമായ സംഭവം. അങ്കമാലിക്കടുത്ത് മൂർക്കന്നൂരിൽ കൂട്ടക്കൊല നടന്ന കേസിലാണ് വിധി കാത്തിരിക്കുന്നത്. സഹോദരനായ ശിവൻ, ഇയാളുടെ ഭാര്യ വത്സല, മകൾ സ്മിത എന്നിവരെയാണ് പ്രതി ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികൾക്ക് നേരെയും കൊലപാതക ശ്രമം നടന്നിരുന്നു.
കൃത്യം നടത്തിയതിന് പിന്നാലെ കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച ബാബുവിനെ പ്രദേശവാസികളും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ബാബു മറ്റൊരു സഹോദരന്റെ ഭാര്യയായ സേതു ലക്ഷ്മിയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു.