ഡൽഹി: വരുന്ന 25 വർഷം ഭാരതത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വികസിത രാഷ്ട്രം’ എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ ദൃഢനിശ്ചയമെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായ എൻസിസി കേഡറ്റുകളോടും എൻഎസ്എസ് വോളന്റിയർമാരോടും സംവദിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചത്.
“അടുത്ത 25 വർഷം രാജ്യത്തിന് വളരെ നിർണായകമാണ്. കാരണം 2047-ഓടെ വികസിത രാഷ്ട്രമായി മാറാൻ ഭാരതം തീരുമാനിച്ചു. നിങ്ങളുടെ തലമുറയിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ഊർജ്ജം അമൃത കാലത്തിന് വേഗത നൽകും. ഈ സമയം നിങ്ങളുടേതാണ്. നിങ്ങളുടെ പ്രയത്നവും കാഴ്ചപ്പാടും കഴിവും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കും”.
” ‘രാജ്യം ആദ്യം’ എന്നതായിരിക്കണം യുവാക്കളുടെ തത്വം. നിങ്ങളുടെ തലമുറയുടെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടണം. അമൃത് കാലത്തിന്റെ ഈ യാത്രയിൽ, നിങ്ങൾ എന്ത് ചെയ്താലും രാജ്യത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് എപ്പോഴും ഓർക്കുക. യുവാക്കളുടെ അറിവ് വികസിപ്പിക്കേണ്ടതുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.