മനുഷ്യന്റെ ചിന്താഗതികളും ആവാസ വ്യവസ്ഥയുമൊക്കെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ പൊതുവേ ചർച്ച ചെയ്യുന്ന വിഷയം. സംവിധായകന്റെ പുതിയ ചിത്രവും ഇത്തരത്തിലൊരു കഥയാണ് പറയുന്നതെന്ന സൂചന നൽകിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മലൈക്കോട്ടൈ വാലിബനുവേണ്ടി നൽകിയ ഒരു അഭിമുഖത്തിനിടയിലാണ് താരം ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.
മനുഷ്യന്റെ തലച്ചോറ് ഏത് തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന അന്വേഷണമാണ് മലൈക്കോട്ടൈ വാലിബനെന്നാണ് ഹരീഷ് പേരടി പറയുന്നത്. എല്ലാക്കാലത്തെയും മനുഷ്യരോട് സംസാരിക്കേണ്ട വിഷയം തന്നെയാണ് ഈ സിനിമയിൽ പറയുന്നതെന്നും ഫിലോസഫിക്കലായിട്ടുള്ള ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ടെന്നുമാണ് ഹരീഷ് പേരടി പറഞ്ഞത്.
‘ഏത് കാലത്തിലൂടെയാണെങ്കിലും മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ… എന്നിങ്ങനെയുള്ള അന്വേഷണമാണ് മലൈക്കോട്ടൈ വാലിബൻ. ഈ കാലത്തെ മനുഷ്യരോടും സംസാരിക്കേണ്ട വിഷയം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ. പഴയക്കാലത്തെ നാടോടികഥയാണെങ്കിൽ പോലും ഇക്കാലത്തെ മനുഷ്യനോട് കൃത്യമായി സംസാരിക്കാൻ കഴിയുന്ന വിഷയം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ.
അതിനാൽ ഈ സിനമ വളരെ ജനകീയമായ ഒന്നു തന്നെയാണ്. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ സ്വീകതരിക്കാൻ കഴിയുന്ന സിനിമ തന്നെയാണിത്. ഏതെങ്കിലും ഒരു വിഭാഗത്തെ മനസിൽ കണ്ടല്ല ലിജോ ഈ ചിത്രം ചെയ്തിരിക്കുന്നത്. അതേസമയം ഫിലോസഫിക്കലായിട്ടുള്ള ഒരുപാട് കാര്യങ്ങളും ഈ സിനിമയിലുണ്ട്. അതൊക്കെ ഓരോരുത്തരും ഉൾക്കൊള്ളുന്നത് പോലെയായിരിക്കും.’- ഹരീഷ് പേരടി പറഞ്ഞു.















