ഭോപ്പാൽ: രാജമാതാ വിജയരാജെ സിന്ധ്യ( ഗ്വാളിയോർ) വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ നിർമ്മാണം അവസാനഘട്ടത്തിലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുതിയ ടെർമിനലിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ച് വിമാനത്താവളം ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യ വാരത്തോടെയോ ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” ഗ്വാളിയോർ വിമാനത്താവളം ഇവിടെയുള്ള ജനങ്ങളുടെ സ്വപ്‌നമായിരുന്നു. ഗ്വാളിയാറിന് ഇതൊരു ചരിത്ര മുഹൂർത്തമാണ്. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ഗ്വാളിയോർ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുകയാണ്.”- ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഗ്വാളിയോറിലേയും മറ്റു പ്രദേശങ്ങളിലെ ജനങ്ങൾക്കുമായി വൈകാതെ തുറന്നു പ്രവർത്തിക്കും. കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനൊപ്പം സമ്പദ്‌വ്യവസ്ഥ, പുതിയ തൊഴിലവസരങ്ങൾ എന്നിവയും പുതിയ ടെർമിനൽ കെട്ടിടം പ്രദാനം ചെയ്യുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വിമാനത്താവളമായി മാറ്റാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
2022 ഒക്ടോബർ 16-നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വിമാനത്താവളത്തിന്റെ തറക്കല്ലിടുന്നത്. 500 കോടി രൂപ ചെലവഴിച്ച് രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് പുതിയ ടെർമിനൽ നിർമ്മിക്കുന്നത്. ഭാരതത്തിന്റെ ചരിത്രവും സംസ്‌കാരവും ഉയർത്തി പിടിക്കുന്ന തരത്തിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നത്.