ജയ്പൂർ: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനെ സ്വീകരിക്കാൻ ഭാരതം. ജയ്പൂരിലെത്തുന്ന മാക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. പ്രസിദ്ധമായ ജന്തർമന്തറും ഹവ മഹലും ഉൾപ്പെടെ നഗരത്തിലെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ ഇരു നേതാക്കളും സന്ദർശിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോൺ.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും സമർപ്പണവും പ്രധാനമന്ത്രി നടത്തും. സമർപ്പിത ചരക്ക് ഇടനാഴിയിൽ (ഡിഎഫ്സി) ന്യൂ ഖുർജയ്ക്കും ന്യൂ റെവാരിക്കുമിടയിൽ 173 കിലോമീറ്റർ നീളത്തിൽ വൈദ്യുതീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഈ ഭാഗത്തിന് ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട-ലൈൻ റെയിൽ തുരങ്കമുണ്ട്. ലോകത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം. ഇത് പടിഞ്ഞാറൻ, കിഴക്കൻ ഡിഎഫ്സികൾ തമ്മിലുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചരക്ക്, പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യും.
മഥുര – പൽവാൽ സെക്ഷനെയും ചിപിയാന ബുസുർഗ് – ദാദ്രി സെക്ഷനെയും ബന്ധിപ്പിക്കുന്ന നാലാമത്തെ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡൽഹിയിൽ നിന്ന് ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. അലിഗഡ് മുതൽ ഭാദ്വാസ് വരെയുള്ള നാലുവരിപ്പാതയുടെ ആദ്യ ഘട്ടം, മീററ്റ് മുതൽ ഷാംലി വഴി കർണാൽ അതിർത്തി വരെ വീതി കൂട്ടൽ, ഷാംലി-മുസാഫർനഗർ സെക്ഷൻ നാലുവരിയാക്കൽ തുടങ്ങി നിരവധി സുപ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തോടെ റോഡ് മേഖലയിൽ വികസന കുതിപ്പുണ്ടാകും. ഇതിന് പുറമേ, പെട്രോളിയം ഉൽപന്നങ്ങൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 255 കിലോമീറ്റർ വരുന്ന പദ്ധതിയായ ഇന്ത്യൻ ഓയിൽ തുണ്ട്ല-ഗവാരിയ പൈപ്പ് ലൈനും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.