ന്യൂഡൽഹി: ഇൻഡി മുന്നണിയെന്നത് അഹങ്കാരികളുടെ കൂട്ടുകെട്ടാണെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇൻഡി സഖ്യത്തോടൊപ്പമല്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന മമത ബാനർജി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
” പേരിലുള്ളത് പോലെ ഒരു ഇൻഡ്യൻ സഖ്യമല്ല അത്. അഴിമതി നിറഞ്ഞ അഹങ്കാരികളുടെ കൂട്ടുകെട്ടാണ് അത്. ഒരു വശത്ത് രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ നടക്കുകയാണ്. അഖണ്ഡ ഭാരതവും ആത്മനിർഭർ ഭാരതവുമെല്ലാം അവിടെ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ മറുവശത്താകട്ടെ അസമിൽ കോൺഗ്രസുകാർ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമണം നടക്കുന്നു. കാരണം കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയാണ്.
രാഹുലിന്റെ മൊഹബത്ത് കി ദുകാനിൽ വെറുപ്പ് മാത്രമാണ് ലഭിക്കുകയുള്ളു. പൊതുജനങ്ങൾക്ക് മുന്നിൽ കോൺഗ്രസിന്റെ യാഥാർത്ഥ്യം ഇന്ന് തെളിഞ്ഞ് നിൽക്കുന്നുണ്ടെന്നും” ജ്യോതിരാദിത്യ സിന്ധ്യ പറയുന്നു. ബംഗാളിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനം ഇൻഡി മുന്നണിക്ക് വലിയ തിരിച്ചടിയാണ്. കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്തിയിട്ടില്ലെന്നും, ഒറ്റയ്‌ക്ക് തന്നെ പോരാടുമെന്നാണ് എപ്പോഴും പറഞ്ഞിട്ടുള്ളതെന്നും മമത പറയുന്നു. രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര ബംഗാളിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാൽ അതിനെക്കുറിച്ച് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും മമത ആരോപിച്ചു