ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിൽ അപകടം; നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചു; കുടുംബാംഗങ്ങളെ തിരക്കി ഇന്ത്യൻ ഹൈക്കമ്മീഷൻ

Published by
Janam Web Desk

കാൻബെറ: ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ബീച്ചിൽ നാല് ഇന്ത്യക്കാർ മുങ്ങിമരിച്ചു. 20 വയസ് പ്രായം തോന്നിക്കുന്ന രണ്ട് സ്ത്രീകളും 40 വയസ് പ്രായം വരുന്ന സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പേരുവിവരങ്ങൾ ലഭ്യമല്ല. ഒരു കുടുംബത്തിൽപ്പെട്ടവരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് വിവരങ്ങൾ പങ്കുവച്ചത്. മെൽബണിലെ കോൺസുലേറ്റ് ജനറൽ ഇവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. ഹൃദയഭേദകമായ ദുരന്തം എന്നാണ് എംബസി അനുശോചിച്ചത്. മരണപ്പെട്ടവരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നും എക്സിൽ കുറിച്ചു.

ഇന്നലെയായിരുന്നു ദാരുണമായ സംഭവം. പട്രോളിം​ഗ് ഇല്ലാത്ത ബീച്ചിലാണ് അപകടം നടന്നത്. സംഘത്തെ രക്ഷിക്കാനായി ഓഫ് ഡ്യൂട്ടി ​ഗാർഡുകൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാലാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി.

കടൽ ​ഗുഹകൾക്ക് പേരുകേട്ടതാണ് ഫിലിപ്പ് ദ്വീപ്. ലൈഫ് ഗാർഡുകളില്ലാതെ നീന്താനുള്ള അവസരം ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അപകടങ്ങൾ ഇവിടെ സ്ഥിരമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. 2018-ലും ഇവിടെ ഇന്ത്യക്കാർ മുങ്ങി മരിച്ചിരുന്നു.

Share
Leave a Comment