സുബ്രഹ്മണ്യ പ്രീതിക്ക് തൈപ്പൂയം; വ്രതം, ജപം, ആചാരം അറിയേണ്ടതെല്ലാം: ഈ വർഷത്തെ തൈപ്പൂയ മഹോത്സവം ജനുവരി 26 വെള്ളിയാഴ്ച

Published by
Janam Web Desk

തമിഴ് കലണ്ടർ അനുസരിച്ചുള്ള തൈമാസം എല്ലാക്കാര്യങ്ങൾക്കും ശുഭമാണ്.മലയാളത്തിലെ മകരമാസമാണിത്. സൂര്യന്റെ ഉത്തരായനം തുടങ്ങിക്കഴിഞ്ഞു വരുന്ന ഈ മാസത്തിൽ മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾക്കു പോലും നിവൃത്തിയുണ്ടാകുമെന്നുമാണ്‌ വിശ്വാസം. അതുകൊണ്ടു തന്നെ തൈ പിറന്താൽ വഴി പിറക്കുമെന്നാണ്‌ തമിഴ്‌ പഴമൊഴി.

തൈ മാസത്തിലെ പൂയം നക്ഷത്രമാണ് ‌തൈപ്പൂയമായി ആഘോഷിക്കുന്നത്‌. ദേവസേനാപതിയായ സുബ്രഹ്മണ്യൻ താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ. (ഭഗവാൻ സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ നിഗ്രഹിച്ച ദിനമാണ് സ്കന്ദ ഷഷ്ഠി.)

താരകാസുരന്റെ ശല്യം സഹിക്കാനാകാതെ വന്നപ്പോൾ മഹർഷിമാരും ദേവന്മാരും ശിവപാർവതിമാരെ അഭയം പ്രാപിച്ചു. ഭഗവാൻ താരകാസുരനിഗ്രഹത്തിനായി പുത്രനായ സുബ്രഹ്മണ്യനെ അയച്ചു. പന്ത്രണ്ട്‌ ആയുധങ്ങളുമായി താരക സൈന്യത്തെ നേരിട്ട സുബ്രഹ്മണ്യൻ അസുരനെ വധിച്ച്‌ ദേവലോകത്ത്‌ വീണ്ടും ഐശ്വര്യമെത്തിച്ചു. ആ പുണ്യ ദിനത്തിന്റെ സ്മരണയ്‌ക്കാണ്‌ തൈപ്പൂയാഘോഷം.

സുബ്രഹ്മണ്യന്റെ വിവാഹദിനമാണ് തൈപ്പൂയമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും ഐതിഹ്യവുമുണ്ട്. 2024 ജനുവരി 26 നാണ് ഈ വർഷത്തെ തൈപ്പൂയം.

താരക നിഗ്രഹം കഴിഞ്ഞു വരുന്ന സുബ്രഹ്മണ്യനെ പടയാളികൾ തങ്ങളുടെ വില്ലിൽ പൂക്കൾ കെട്ടി അലങ്കരിച്ച് നൃത്തമാടി സ്വീകരിച്ചു. കൂടെ ഭക്ത ജനങ്ങളും ആനന്ദ നൃത്തമാടി. വേലായുധസ്വാമിയുടെ ദേഹത്ത് ഏറ്റിരുന്ന മുറിവുകൾ ശമിക്കുന്നതിന് ശരീരം ഔഷധ ജലത്താൽ അഭിഷേകം ചെയ്തു. ആ അഭിഷേകത്തിന്റെ സ്മരണയ്‌ക്കായി ഈ ദിവസം ഭക്തർ കാവടിയെടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു.

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം……

പഴനി, തിരുപ്പറങ്കുണ്ട്രം, തിരുച്ചെന്തൂർ, തിരുത്തണി, പഴമുതിർച്ചോലൈ, സ്വാമിമല, കുമാരകോവിൽ, തമ്പാനൂർ, ഉള്ളൂർ, ഹരിപ്പാട്, ചെറിയനാട്, കിടങ്ങൂർ, പെരുന്ന,ഉദയനാപുരം, ഇളങ്കുന്നപ്പുഴ, പയ്യന്നൂർ തുടങ്ങി തമിഴ്‌നാട്ടിലേയും കേരളത്തിലേയും എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം അതീവ പ്രധാന്യത്തോടെ ആഘോഷിക്കുന്നു. സുബ്രഹ്മണ്യൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നുണ്ട്. ഏറെ ഭാരതീയർ താമസിക്കുന്ന മലേഷ്യയിലും ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. ഇവിടങ്ങളിലെല്ലാം കാവടിയാട്ടവും തുടർച്ചയായ അഭിഷേകങ്ങളും തൈപ്പൂയ ദിവസം അര്ധരാത്രി വരെയോ പിറ്റെന്നു പുലർച്ചെ വരെയോ ഉണ്ടാകാറുണ്ട്.

അഭീഷ്ടസിദ്ധിയ്‌ക്കായി ഭഗവാൻ സുബ്രഹ്മണ്യനുള്ള സമർപ്പണമാണ്‌ കാവടി. പീലിക്കാവടികളും പൂക്കാവടികളും ഭസ്മക്കാവടികളും അഗ്നിക്കാവടികളും ഉണ്ടാകാറുണ്ട്. തൈപ്പൂയദിനത്തിൽ കാവടി കെട്ടിയാടുന്നത്‌ ഏറെ വിശേഷമാണ്‌.

ജ്യോതിഷത്തിൽ ചൊവ്വയുടെ കാരകനാണ് സുബ്രഹ്മണ്യൻ. കുജ ദോശ ശാന്തിക്കായി തൈപ്പൂയ്യ വ്രതം എടുക്കാറുണ്ട്. ഈ വ്രതം ഷഷ്ഠി വ്രതംപോലെ തന്നെയാണ് ചിട്ടകൾ.

ആഗ്രഹ സാഫല്യത്തിന് ഷഷ്ഠി; വ്രതമെടുക്കേണ്ട വിധം; ഏതൊക്കെ മന്ത്രങ്ങൾ ജപിക്കണം……

 

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ

യഥാവിധി “ഓം ശരവണ ഭവ” എന്ന മന്ത്രം 108,തവണയോ 1008 തവണയോ അതില്‍ കൂടുതലോ ജപിക്കുന്നവർക്ക് അത്ഭുതപൂർവ്വമായ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാകും. തൈപ്പൂയ്യ ദിവസം കഴിയുന്നത്ര ജപിക്കുക.

സുബ്രഹ്മണ്യ ധ്യാന ശ്ലോകം

ഷഡാനനം കുങ്കുമ രക്ത വർണം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനം സുരസൈന്യ നാഥം
ഗുഹം സദാഹം ശരണം പ്രപദ്യേ

മയൂരാധി രൂഢം മഹാവാക്യഗൂഢം
മനോഹാരിദേഹം മഹാച്ചിത്തഗേഹം ।
മഹീദേവദേവം മഹാവേദഭാവം
മഹാദേവബാലം ഭജേ ലോകപാലം ॥

സുബ്രഹ്മണ്യഗായത്രി:

സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദഃ പ്രചോദയാത്

കുമാരമന്ത്രം (A):

ഓം നമഃ കുമാരമൂർത്തയേ
സൗഭാഗ്യവർദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ

കുമാരമന്ത്രം (B):

ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭവർണ്ണായ നമഃ

സുബ്രമണ്യ മൂലമന്ത്രം:

ഓം വചത്ഭുവേ നമഃ (ഗുരുപദേശത്തോടെ ജപിക്കണം)

ഏവർക്കും ഭക്തി നിർഭരമായ തൈപ്പൂയം ആശംസിക്കുന്നു.

Share
Leave a Comment