രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി മൂന്ന് ശിൽപികളാണ് വിഗ്രഹങ്ങൾ നിർമ്മിച്ചത്. ഇതിൽ നിന്നാണ് അരുൺ യോഗിരാജിന്റെ ശിൽപം തിരഞ്ഞെടുത്തത്. രാംലല്ലയ്ക്കായി മൂന്നാമതായി കൊത്തി മിനുക്കിയത് പ്രമുഖ ശിൽപിയായ ഗണേഷ് ഭട്ടാണ്. കൃഷ്ണശിലയിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കർണാടകയിലെ മൈസൂരിലെ ഹെഗഡദേവന കോട്ടെ പ്രദേശത്തെ കൃഷിയിടത്തിൽ നിന്ന് കണ്ടെത്തിയ കൃഷ്ണശിലയിലായിരുന്നു വിഗ്രഹ നിർമ്മാണം. നേരത്തെ രാജസ്ഥാൻ സ്വദേശിയായ സത്യനാരായണ പാണ്ഡെ കൊത്തിയെടുത്ത വെള്ള മാർബിൾ വിഗ്രഹത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ പ്രത്യേക സൃഷ്ടികൾക്ക് ക്ഷേത്രത്തിലെ ഗർഭ ഗൃഹത്തിൽ ഇടം നേടാനായില്ലെങ്കിലും ക്ഷേത്രത്തിൽ മറ്റൊരിടത്ത് ഇവ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
ആഭരണങ്ങളും വസ്ത്രങ്ങളും ധരിച്ച് സ്വർണ്ണ അമ്പും വില്ലും കയ്യിലേന്തിയ രൂപത്തിലാണ് ദേവൻ. പ്രധാന രൂപത്തിന് പിന്നിൽ വിഷ്ണുവിന്റെ വിവിധ അവതാരങ്ങളെ പ്രതിനിധീകരിക്കുന്ന ചെറിയ ശിൽപങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു കമാനം പോലെയുള്ള ഘടന നിലകൊള്ളുന്നു.