മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർജ്ജുൻ അശോകനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഹൊറർ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒപ്പം പുതിയ കാരക്ടർ സ്റ്റില്ലും പുറത്തുവിട്ടു.
ഫെബ്രുവരി 15 ന് ചിത്രം തീയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ പുതിയ കാരക്ടർ സ്റ്റില്ലിനൊപ്പമാണ് റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുന്നത്. ചാരുകസേരയിൽ രൗദ്രഭാവത്തിൽ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. നേരത്തെ പുറത്തുവിട്ട കാരക്ടർ പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ പ്രതിനായക വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറും ഇക്കാര്യം ഉറപ്പ് നൽകുന്നു.
തീർത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ടീസറിന്റെ ആദ്യാവസാനം ശ്രദ്ധേയമായ പ്രകടനമാണ് അർജ്ജുൻ അശോകൻ കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമാൽഡ ലിസ്, മണികണ്ഠൻ ആചാരി തുടങ്ങിയവരും ടീസറിൽ എത്തുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് സംവിധായകൻ രാഹുൽ സദാശിവനാണ്. നൈറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രവനും എസ്. ശശികാന്തുമാണ് നിർമ്മാണം. ഛായാഗ്രഹണം- ഷെഹനാദ് ജലാൽ, എഡിറ്റർ-ഷഫീക്ക് മുഹമ്മദ് അലി, സംഗീതം- ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ- ടി ഡി രാമകൃഷ്ണൻ. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.















