സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ. ചിത്രം തീയേറ്ററിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ സിനിമ ഞെട്ടിച്ചോ ഇല്ലയോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. സിനിമ ഒരു എൽ ജെപി ചിത്രം തന്നെയാണെന്നാണ് കാണികൾ പറയുന്നത്. സംവിധായകൻ എന്താണോ പറയാൻ ഉദ്ദേശിച്ചത് അത് വ്യക്തമായി ദൃശ്യവത്കരിച്ചിട്ടുണ്ട്.
മലൈക്കോട്ടൈ വാലിബന് സിനിമാ ആരാധകർ വമ്പൻ ഹൈപ്പ് നൽകാനുള്ള കാരണം മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു എന്നതാണ്. ലിജോജോസ് പെല്ലിശ്ശേരിയുടെ സിനിമയെ ആരാധിക്കുന്ന വലിയോരു സമൂഹം തന്നെ കേരളത്തിലുണ്ട്. അത്തരക്കാരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ലിജോ മലൈക്കോട്ടൈ വാലിബനെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ക്യാമറയും എഡിറ്റിംഗും അസാധ്യമായ തരത്തിൽ ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതുപോലെ ലിജോയുടെ സിനിമകളിൽ സാധാരണ കാണുന്ന പോലെ ഫിലോസഫിയും മുഴുനീളെ കാണാൻ കഴിയുന്നുണ്ട്. അഭിമുഖങ്ങളിൽ അണിയറപ്രവർത്തകർ പറഞ്ഞതുപോലെ വിഷ്വൽ ഓഡിയോ ട്രീറ്റാണ് ചിത്രം. സിനിമയുടെ ബിജിഎമ്മും അതുപോലെ ദൃശ്യങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
കാമത്തിന്റെയും ചതിയുടെയും കൂനകൂട്ടി അതിന് വേണ്ടി മല്ലിടുന്ന ഒരു കൂട്ടം ആളുകൾ അതാണ് വാലിബൻ. മുത്തശ്ശിക്കഥ പോലെ ഒരു നാടിന്റെ കഥ പ്രേക്ഷകരിലെത്തിക്കാനാണ് ലിജോ ജോസ് ശ്രമിച്ചത്. ലിജോയുടെ ഒഴുക്കിൽ മോഹൻലാലും അഭിനയിച്ചതോടെ സിനിമ ഗംഭീരം. ആദ്യ പകുതിയിൽ മോഹൻലാൽ എന്ന നടന വിസ്മയം ആക്ഷൻ കൊണ്ട് കാണികളെ കയ്യിലെടുത്തു. രണ്ടാം പകുതിയിൽ ലിജോ പ്രേക്ഷകരെ മുത്തശ്ശികഥയിലൂടെ എവിടേക്കാണോ കൊണ്ടു പോകാൻ ആഗ്രഹിച്ചത് അവിടെ എത്തിക്കുകയും ചെയ്തു. പണ്ട് കാലത്തെ തമിഴ് കഥ പറച്ചിൽ രീതിയായിരുന്നു ലിജോ വാലിബനിൽ പ്രയോഗിച്ചത്. അതിനോടൊപ്പം സിനിമയുടെ മേക്കിംഗ് അണിയറ പ്രവർത്തകർ ഒന്നാകെ പറഞ്ഞതുപോലെ ഇന്ത്യൻ സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലായിരുന്നു വാലിബന്റെ മേക്കിംഗ്. അവിടെ ലിജോ പൂർണമായും വിജയിച്ചു.
സിനിമയിൽ മോഹൻലാലിനൊപ്പം ലിജോജോസ് പെല്ലിശ്ശേരി എല്ലാ കഥാപാത്രങ്ങൾക്കും തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. മധുനീല കണ്ഠന്റെ ക്യാമറയും ദീപു എസ്.ജോസഫിന്റെ എഡിറ്റിംഗും പ്രേക്ഷകരെ കയ്യിലെടുക്കാൻ നിഷ്പ്രയാസം സാധിക്കും. മാസ് മാത്രം പ്രതീക്ഷിച്ച് ആരും തീയേറ്ററിലേക്ക് എത്തരുതെന്ന് മോഹൻലാൽ നേരത്തെ പറഞ്ഞത് ശരിവയ്‌ക്കുന്നതാണ് സിനമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം. മാസ് മസാല മാത്രം പ്രതീക്ഷിച്ച് പോകുന്നവർക്ക് ഒരിക്കലും ദഹിക്കുന്നതല്ല മലൈക്കോട്ടൈ വാലിബൻ. ഇതൊരു ക്ലാസാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ക്ലാസ് ചിത്രം. താൻ ആരെയും തൃപ്തിപ്പെടുത്താനല്ല സിനിമ ചെയ്യുന്നതെന്ന് ലിജോ മുമ്പൊരിക്കൽ പറഞ്ഞത് നൂറു ശതമാനം സത്യമാണ്. ലോക സിനിമയിൽ മലയാള സിനിമയക്ക് ഒരു കയ്യൊപ്പ് നൽകാൻ ലിജോയ്‌ക്ക് സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നതാണ് മലൈക്കോട്ടൈ വാലിബൻ.















