വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്താനൊരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ സർവകലാശാലകളിൽ 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരമൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് സുപ്രധാന പ്രഖ്യാപനം.
30,000 Indian students in France in 2030.
It’s a very ambitious target, but I am determined to make it happen.
Here’s how: pic.twitter.com/QDpOl4ujWb
— Emmanuel Macron (@EmmanuelMacron) January 26, 2024
ഇന്ത്യയും ഫ്രാൻസുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള അഭിലാഷ ശ്രമത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് മാക്രോൺ പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എല്ലാവർക്കും ഫ്രഞ്ച്, മെച്ചപ്പെട്ട ഭാവിക്ക് ഫ്രഞ്ച്’ എന്ന പദ്ധതിക്ക് കീഴിൽ പൊതുവിദ്യാലയങ്ങളിൽ ഫ്രഞ്ച് പഠിക്കുന്നതിനും ഫ്രഞ്ച് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പഠിക്കുന്നതിനായി ഫ്രഞ്ചൈസികൾ ആരംഭിക്കും. ഫ്രഞ്ച് ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കാത്തവർക്ക് ഈ ക്ലാസുകൾ ഉപകാരപ്പെടും. കുട്ടികൾക്ക് ഫ്രാൻസിലെ വിവിധ സർവകലാശാലകളിൽ ചേരാൻ അന്താരാഷ്‌ട്ര ക്ലാസുകൾ സഹായിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കി.
ഫ്രാൻസിൽ പഠിച്ചിട്ടുള്ള മുൻ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കും. മടങ്ങിവരവ് ലളിതമാക്കാൻ ഇത് സഹായിക്കുമെന്നും ഫ്രഞ്ച് പ്രസിഡൻ്റ് എടുത്തുപറഞ്ഞു. 2025-ഓടെ 20,000 പ്രതിഭാധനരായ ഇന്ത്യൻ വിദ്യാർത്ഥികളും 2030-ഓടെ 30,000 വിദ്യാർത്ഥികളെ ഫ്രാൻസിലെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ പഠിക്കുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികൾ ഫ്രഞ്ച് സർക്കാർ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 2018-ൽ, ഫ്രാൻസിൽ പഠിക്കാൻ താൽപര്യമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്ന ‘കാമ്പസ് ഫ്രാൻസ്’ എന്ന പേരിൽ പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇതിന് ശേഷം ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.