ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. കർത്തവ്യപഥിലെത്തിയ രാഷ്‌ട്രപതിയെയും മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയെയും പ്രധാനമന്ത്രി സ്വീകരിച്ചു. പതിവിന് വിപരീതമായി രാഷ്‌ട്രപതിയും മാക്രോണും പരമ്പരാഗത രീതിയിൽ, പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് രാഷ്‌ട്രപതി ഭവനിൽ നിന്ന് കർത്തവ്യ പഥിലെത്തിയത്. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് ഇരുവരുമെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്‌ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവന്മാരുടെ ഓർമ്മയ്‌ക്കായി പുഷ്പചക്രം അർപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, സംയുക്ത സൈനിക മേധാവി, കര-നാവിക-വ്യോമസേന മേധാവിമാർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.
ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം. ചരിത്രത്തിലാദ്യമായി വനിതാ കേന്ദ്രീകൃതമായി പരേഡിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പരേഡിനായി സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 15-ഓളം ടാബ്ലോകളും തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യൻ സൈന്യത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അംഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഇതിന് പുറമേ 33 അംഗ ബാൻഡ് സംഘവും അണിനിരക്കും. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ സാന്നിധ്യമറിയിക്കും.















