ഗവർണർക്ക് നേരെ നടന്ന എസ്എഫ്ഐ ഗുണ്ടകളുടെ ആക്രമണങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് പറയാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്ന് ഇ.പി ചോദിച്ചു. ആരിഫ് മുഹമ്മദ് ഖാനെ അടിയന്തിരമായി കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണമെന്നും സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
‘നിയമസഭയോടും ജനങ്ങളോടും ഭരണഘടനയോടും അനാദരവാണ് കാണിച്ചത്. ഗവർണർ റോഡിൽ കുത്തിയിരുന്ന് മാർഗ തടസം ഉണ്ടാക്കി. വിദ്യാർത്ഥികളെ തെറി പറഞ്ഞു. അദ്ദേഹം ഒരു ഗവർണറല്ലേ, ഈ നാട് ലജ്ജിച്ചു തലതാഴ്‌ത്തുകയാണ്. കേന്ദ്രം ഭരിക്കുന്നവർ ഇതിൽ മറുപടി പറയണം. അവരാണ് ഗവർണറെ അഴിഞ്ഞാടാൻ വിടുന്നത്. പോലീസ് എല്ലാവർക്കും സംരക്ഷണം കൊടുക്കുന്നുണ്ട്’.
‘വണ്ടി നിർത്തി എസ്എഫ്‌ഐക്കാർക്ക് നേരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് ആരാണ് അധികാരം കൊടുത്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പറയാൻ ഗവർണർക്ക് എന്താണ് അധികാരം. ഗവർണറാണോ പോലീസ്, ഗവർണറാണോ കേരളത്തിൽ ക്രമസമാധാനം നടപ്പിലാക്കുന്നത്. ഒരു കുടയും കുറച്ചു വെള്ളവും കൊടുത്ത് അവിടെ തന്നെ ഗവർണറെ ഇരുത്തണമായിരുന്നു. കേന്ദ്രഗവർൺമെന്റ് അടിയന്തിരമായി അദ്ദേഹത്തെ തിരിച്ചു വിളിക്കണം’- ഇ.പി ജയരാജ പറഞ്ഞു.