മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആശിര്‍വാദ് സിനിമാസിന് നിർണായക പങ്കാണുള്ളത്. 2000-ത്തിലാണ് ആന്റണി പെരുമ്പാവൂർ ഈ നിർമ്മാണ കമ്പനി ആരംഭിക്കുന്നത്. അന്ന് മുതൽ മോഹൻലാലിനെ നായകനാക്കി ആശിർവാദ് സിനിമാസ് നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു. നരസിംഹമായിരുന്നു ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം. മോഹൻലാലിനൊപ്പം നീണ്ട 24 വർഷം പൂർത്തീകരിച്ചിരിക്കുകയാണ് ആശിർവാദ് സിനിമാസ്.
കഴിഞ്ഞ ദിവസം ആന്റണിപെരുമ്പാവൂരിന്റെ നേതൃത്വത്തിൽ നിർമ്മാണ കമ്പനിയുടെ 24-ാം വാർഷികം ആഘോഷിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ മോഹന്‍ലാല്‍, ആന്‍റണി പെരുമ്പാവൂര്‍, ജീത്തു ജോസഫ് തുടങ്ങിയവർ കുടുംബ സമേതം പങ്കെടുത്തിരുന്നു. കൂടാതെ മറ്റ് ചില സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു.
മോഹൻലാലിന്റെ ഹിറ്റ് സിനിമകളൊക്കെയും നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിലായിരുന്നു. ആദ്യ സിനിമയായ നരസിംഹം, രാവണപ്രഭു, നരന്‍, സ്പിരിറ്റ്, ദൃശ്യം, ലൂസിഫര്‍, ദൃശ്യം 2 ഒടുവിൽ നേരും നിർമ്മിച്ചത് ആശിർവാദ് സിനിമാസായിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ബറോസ്, പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ എന്നിവയാണ് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഇപ്പോൾ ചിത്രീകരണം നടക്കുന്നത്.















