വാരാണസി: ജ്ഞാൻവാപി സമുച്ചയം ഹിന്ദുക്കൾക്ക് വിട്ടുതരണമെന്ന് മുസ്ലീം പക്ഷത്തോട് ആവശ്യപ്പെട്ട് വിഎച്ച്പി. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവേ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യം. തർക്കസ്ഥലത്ത് നിന്നും കണ്ടെത്തിയ ശിവലിംഗത്തിൽ ആരാധന നടത്താൻ ഹിന്ദുക്കളെ അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിഎച്പി പ്രസ്താവന പുറത്തിറക്കി.
ആരാധനാലയത്തിന്റെ മതപരമായ സ്വഭാവം നിലനിന്നിരുന്നുവെന്നും ഒരു ഹിന്ദു ക്ഷേത്രമാണെന്ന് എഎസ്ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നു. അതിനാൽ, 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷൻ 4 പ്രകാരം ഈ ഘടന ഒരു ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് വിഎച്പി വർക്കിംഗ് പ്രസിഡൻ്റ് അലോക് കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ സ്ഥലം ഹിന്ദു സമൂഹത്തിന് കൈമാറാൻ സമ്മതിക്കണമെന്നും മസ്ജിദ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. എഎസ്ഐയുടെ സർവേ റിപ്പോർട്ട് അന്തിമ വിധിയല്ലെന്നായിരുന്നു മുസ്ലീം ഹർജിക്കാരുടെ പ്രതികരണം.
ജ്ഞാനവാപി കേസിൽ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുരാതന ക്ഷേത്രം നിലനിന്നിരുന്നതായും ക്ഷേത്രഭിത്തിയിലാണ് മസ്ജിദ് പണിതിരിക്കുന്നതെന്നും എഎസ്ആ റിപ്പോർട്ട് സമർത്ഥിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ഹിന്ദുപക്ഷത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ കോടതിയിൽ നിന്നും റിപ്പോർട്ട് സമ്പാദിച്ചത്. നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി പണിതിരിക്കുന്നതെന്നും ഹൈന്ദവ ദേവത വിഗ്രഹങ്ങൾ, ക്ഷേത്ര അവശിഷ്ടങ്ങൾ എന്നിവ സർവേയിൽ കണ്ടെത്തിയതായും എഎസ്ഐ സർവേ റിപ്പോർട്ട് ഉദ്ധരിച്ച് വിഷ്ണു ശങ്കർ ജെയിൻ പറഞ്ഞു.















