കമ്പ്യൂട്ടറും മൊബൈൽ ഫോണും നൂതന സാങ്കേതിക വിദ്യകളും വിരൽത്തുമ്പിലൂടെ സൃഷ്ടിച്ചത് വലിയ മാറ്റങ്ങളാണ്. വിരൽത്തുമ്പിൽ വിവരങ്ങളെന്ന നിലയെത്തിയതോടെ എഴുത്തും വായനയും ആസ്വാദനവുമെല്ലാം ഡിജിറ്റൽ മേഖലയിലേക്കായി. ടൈപ്പിംഗിൽ പ്രാവീണ്യം നേടിക്കഴിഞ്ഞവരെല്ലാം ഇന്ന് എഴുതാൻ മടികാണിക്കുന്നവരാണ്. എന്നാൽ മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എഴുത്ത് വളരെയധികം ഗുണം ചെയ്യുന്നുവെന്ന പഠനമാണ് പുറത്ത് വന്നിരിക്കുന്നത്.
ജോലി സുഗമമാക്കുന്നതിനും വേഗത്തിൽ കാര്യം കഴിയുന്നതിനും കീബോർഡുകളെ ആശ്രയിക്കുന്നവരാണ് ഏറെയും. എന്നാൽ എഴുതാൻ തീരുമാനിക്കുകയാണെങ്കിൽ ഇത് മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ പറയുന്നു. നോർവയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഇത്തരത്തിൽ പഠനം പങ്കുവച്ചിരിക്കുന്നത്.
കൈകൊണ്ട് എഴുതുന്നതിലൂടെ അക്കങ്ങൾ ഓർത്തുവയ്‌ക്കാനും ഓർമ്മ ശക്തി മെച്ചപ്പെടുത്താനും സഹായകമാണെന്ന് ഗവേഷകർ വ്യക്തമാക്കി. എഴുത്തിലൂടെ പുതിയ വിവരങ്ങൾ ശേഖരിക്കുന്നതിനും ഗ്രഹണശക്തി മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായകമാണ്. ഫ്രോണ്ടിയേഴ്‌സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. പഠനസംബന്ധമായ കാര്യങ്ങൾ ഡിജിറ്റൽ പെൻ മുഖേന ടച്ച് സ്‌ക്രീനിൽ എഴുതുകയും കീബോർഡിൽ ടൈപ്പ് ചെയ്യുകയും ചെയ്തവരാണിവർ. ഇവരിൽ എഴുതുന്നവരിൽ മസ്തിഷ്‌കത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി.















