അമൻ: ജോർദ്ദാനിലെ യുഎസ് ഔട്ട്‌പോസ്റ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്ക് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇസ്രായേൽ-ഹമാസ് യുദ്ധമാരംഭിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിൽ വച്ച് അമേരിക്കൻ സൈനികർക്ക് ജീവഹാനി സംഭവിക്കുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ട്. വടക്കുകിഴക്കൻ ജോർദ്ദാനിൽ വച്ചാണ് ആക്രമണമുണ്ടായത്.
ജോർദാനിലെ സിറിയൻ അതിർത്തി മേഖലയായ ടവർ 22ൽ വച്ചായിരുന്നു ആക്രമണം. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരർ സിറിയയിൽ നിന്ന് അയച്ച ഡ്രോണാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് കരുതുന്നത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് അറിയാമെന്നും ഉത്തരവാദികൾക്ക് തക്കതായ മറുപടി നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവരുടെ ധീരതയ്‌ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.