പട്‌ന: ഉത്തർപ്രദേശിലെ കുർമി വോട്ടർമാരെ എൻഡിഎയ്‌ക്ക് അനുകൂലമാക്കാൻ നിതീഷ് കുമാറിന്റെ തിരിച്ചുവരവ് സഹായിക്കുമെന്ന് ജെഡിയു ജനറൽ സെക്രട്ടറി കെ.സി ത്യാഗി. ഉത്തർപ്രദേശിൽ നിതീഷ് കുമാറിന് വലിയ സ്വാധീനം ഉണ്ടെന്നും ബിജെപിയുടെ പിന്തുണയോടെ പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടി നൽകുമെന്നും കെ.സി ത്യാഗി വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
” ഇൻഡി മുന്നണിയിൽ നിന്ന് പുറത്ത് കടക്കണമെങ്കിൽ അതിനുള്ളിൽ അത്രയും വലിയൊരു പ്രശ്‌നം സംഭവിച്ചിട്ടുണ്ടാകണം. അതുകൊണ്ടാണ് ഈ ഒരു മാറ്റം ഉണ്ടായത്. ഉത്തർപ്രദേശിലെ പ്രചാരണ പരിപാടികളിൽ ഉൾപ്പടെ ഇനി മാറ്റങ്ങൾ വരുത്തും. പ്രതിപക്ഷ സഖ്യം എന്ന അസാധ്യമായ കാര്യത്തെ സാധ്യമാക്കാൻ ശ്രമിച്ചത് നിതീഷ് കുമാറാണ്. കോൺഗ്രസിനെതിരെ പോരാടിക്കൊണ്ടാണ് പല പ്രാദേശിക സംഘടനകൾക്കും രാഷ്‌ട്രീയ ഭൂപടത്തിൽ ഇടം ലഭിച്ചത്. പ്രതിപക്ഷ സഖ്യം എന്ന ആശയം വന്നപ്പോൾ ഇവരെ ഒന്നിച്ച് ചേർക്കാനാണ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് ആർക്കും അർഹമായ സ്ഥാനം നൽകുന്നില്ല.
പ്രതിപക്ഷ മുന്നണിക്കുള്ളിൽ വച്ചും കോൺഗ്രസുമായി പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഈ സഖ്യത്തിനുള്ളിലെ പല പാർട്ടികളും അസ്വസ്ഥരാണ്. നിതീഷ് കുമാർ ഈ മുന്നണിയിൽ നിന്ന് പുറത്ത് വന്നതോടെ ഇതിനുള്ളിലെ പാർട്ടികൾ തമ്മിലുള്ള ഏകോപനം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. രാജ്യത്ത് ഏതൊരിടത്തെ കാര്യം നോക്കിയാലും ഇൻഡി മുന്നണി വിജയിക്കാനുള്ള സാധ്യത വിരളമാണെന്നാണ് മനസിലാക്കിയിട്ടുള്ളത്. ഉത്തർപ്രദേശിലെ ശക്തമായ സാന്നിധ്യമാണ് കുർമികളുടേത്. സംസ്ഥാനത്തെ പ്രബല വോട്ടർമാരാണ് അവർ. കുർമി വോട്ടുകൾ കൂട്ടത്തോടെ തൂത്തുവാരാൻ നിതീഷ് കുമാറിന്റെ മടങ്ങി വരവ് എൻഡിഎയെ സഹായിക്കുമെന്നും” കെ.സി ത്യാഗി പറയുന്നു.















