കണ്ണൂർ: കേരള പദയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി. തിരുവന്തപുരത്ത് പദയാത്രയ്‌ക്ക് പരിസമാപ്തിയാകുമ്പോൾ കേരളത്തിലെ അധമഭരണത്തിന് മേൽ ഇടിത്തീ വീഴും. അധമ രാഷ്‌ട്രീയ വിഭാഗം ഭയക്കുന്നത് ബിജെപിയേയോ കെ സുരേന്ദ്രനേയോ എൻഡിഎ സഖ്യത്തെയോ അല്ലെന്നും ജനങ്ങളെയും ജന പിന്തുണയെയുമാണ് ഭയക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
പദയാത്രയ്‌ക്ക് കേരളത്തിലെ ജനങ്ങളുടെ മുൻബലവും പിൻബലവുമുണ്ട്. കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയായിട്ടാണ് പദയാത്ര ആരംഭിച്ചതെന്നാണ് ഞാൻ കരുതുന്നത്. ഈ യാത്രയിൽ ഇവിടുത്തെ ജനങ്ങൾ വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് കാത്തുസൂക്ഷിക്കുന്നത്. ഇത് നിറവേറ്റുന്ന ഒരു മോദി പദയാത്രയാണ് കേരള പദയാത്ര. അധമ രാഷ്‌ട്രീയ ഭരണത്തിനെതിരെയുള്ള ആരോപണങ്ങൾ കൂരമ്പ് പോലെ ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇതൊന്നും കേട്ടാൽ പെറ്റ തള്ളയുടെ തള്ള സഹിക്കില്ല എന്നു പറയുന്ന അവസ്ഥ കേരളത്തിലെ ഭരണ രാജാക്കന്മാർ ഉണ്ടാക്കി വച്ചിട്ടുണ്ട്. അവർ സുഖിക്കട്ടെ. ഇതുകൊണ്ടൊന്നും അവസാനിക്കില്ല. – സുരേഷ് ഗോപി പറഞ്ഞു.
പല ദിവസങ്ങളിലായി കേരളത്തിന്റെ പ്രഥമ പൗരന് തെരുവിൽ വണ്ടിയിലോ അല്ലാതെയോ പെരുമാറാൻ കഴിയില്ലെന്ന അവസ്ഥയിലേക്ക് കേരളത്തിലെ ഭരണം എത്തിയിട്ടുണ്ട്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാളുടെ അവസ്ഥ ഇതാണെങ്കിൽ കേരളത്തിലെ ജനങ്ങളുടെ അവസ്ഥയെ പറ്റി പറയേണ്ടതുണ്ടോ? സംസ്ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ്, പറയുമെന്ന് കരുതുന്നതായി ഗണിച്ചും കേസെടുക്കുകയാണ്.
കഴിഞ്ഞ പത്തു വർഷം കൊണ്ട് യാഥാർത്ഥ വിശ്വ പൗരൻ നരേന്ദ്രമോദി ഭാരതത്തിലൂടെ ലോകത്തിന് വേണ്ടി എന്ത് സംഭാവന ചെയ്തുവെന്ന കണക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. ലോകനേതാക്കൾ പോലും അംഗീകരിച്ച വ്യക്തിയാണ് നരേന്ദ്രമോദി. ഈ ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ… അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരെങ്കിലും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്നും അദ്ദേഹം പറഞ്ഞു.
37,000 കോടി രൂപയാണ് കേരളത്തിലെ കർഷകർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴി കേന്ദ്രസർക്കാർ നൽകിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെയും ആശാ വർക്കർമാരുടെയും കൂലിയും ഇതുപോലെ തന്നെ വിതരണം ചെയ്യണം. അവരുടെ കൂലിയിൽ നിന്ന് പങ്കുതട്ടുന്ന ഒത്തിരി ലോക്കൽ നേതാക്കൾ നമ്മുടെ നാട്ടിലുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൃത്യമായി വേതനം കൊടുക്കില്ലെന്ന് പറഞ്ഞ് എല്ലാവരും കേന്ദ്രത്തിനെതിരെ തിരിഞ്ഞു. എന്നാൽ കൃത്യമായ കണക്ക് കൊടുത്തപ്പോൾ ആരും ഒന്നും മിണ്ടുന്നില്ല. കണക്കെവിടയെന്ന് നമുക്ക് പിണറായി വിജയനോട് ചോദിക്കാൻ എളുപ്പമാണ്. മോദിയുടെ നെഞ്ചത്തേക്ക് വരാമെന്ന് കരുതരുത്. അതിന് നിൽക്കുന്ന ഓട്ട ചങ്കോ പരട്ട ചങ്കോ അല്ല നരേന്ദ്രമോദിയെന്ന് പിണറായി വിജയനും പാർട്ടി പ്രവർത്തകരും വിചാരിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.















