വയനാട്: രൺജിത് ശ്രീനിവാസൻ കൊലക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച അഡീഷണൽ സെഷൻസ് കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നീതിന്യായ വ്യവസ്ഥയുടെ വിജയമാണ് ഈ വിധിയെന്നും രൺജിത് ശ്രീനിവാസന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും കേരളത്തിലെ ജനങ്ങൾക്കും നീതി ലഭിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. വയനാട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അഭിഭാഷക സംഘത്തിനും അഭിനന്ദനം അറിയിക്കുന്നു. കേരളത്തിന്റെ സമാധാനം തകർക്കാൻ മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് നടത്തിയ കൊല കേരളീയരെ ആകെ വേവലാതിപ്പെടുത്തിയ സംഭവമാണ്. ഭരിക്കുന്ന കക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും സഹായത്തോട് കൂടിയാണ് പിഎഫ്ഐ ഭീകരർ കേരളത്തിൽ അഴിഞ്ഞാടിയത്. ഇടതുവലത് മുന്നണികൾക്കുള്ള തിരിച്ചടിയാണ് ഈ വിധി. സാമാധാനം തകർക്കാൻ ശ്രമിച്ച ശക്തികൾക്കുള്ള തിരിച്ചടിയാണിത്.
ഭീകരർക്ക് അനുകൂലമായ നടപടിയാണ് സിപിഎം എന്നും സ്വീകരിക്കുന്നത്. പിഎഫ്ഐ ഭീകരരെ ചാക്കിടാനാണ് ലീഗും സിപിഎമ്മും ശ്രമിക്കുന്നത്. പിഎഫ്ഐ ഭീകരർക്ക് എല്ലാ സഹായവും ചെയ്ത് കൊടുക്കുന്നത് മതേതര പാർട്ടികൾ എന്നറിയപ്പെടുന്ന എൽഡിഎഫ്, യുഡിഎഫ് കക്ഷികളാണ്.
കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെയാണ് കേരളത്തിൽ
ഉണ്ടാകാനിരുന്ന വിപത്ത് ഒഴിവാക്കാൻ സാധിച്ചത്. പിഎഫ്ഐ നിരോധിച്ച ശേഷം എസ്‍ഡിപിഐ എന്ന പേരിലും അവർ പ്രവർത്തിക്കുന്നു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് വലിയ തോതിൽ കലാപം സൃഷ്ടിക്കാൻ അവർ ശ്രമിച്ചു. ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളെ ലക്ഷ്യം വച്ച്കൊണ്ടുള്ള വലിയ നീക്കമാണ് ഇവിടെ നടന്നത്. ഭീകര ശക്തികൾക്കുള്ള വലിയ മുന്നറിയിപ്പാണ് ഈ കോടതി വധിയെന്നും സുരേന്ദ്രൻ പറഞ്ഞു.















