ചെന്നൈ: ഗർഭിണിയായ ഭാര്യയെ ബസിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി ഭർത്താവ്. തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിൽ ഞായറാഴ്‍ചയാണ് സംഭവം. കൊലപാതകത്തിൽ ഭർത്താവ് പാണ്ഡ്യനെ(24) പോലീസ് അറസ്റ്റ് ചെയ്തു. 19 കാരിയായ ഭാര്യ വളർത്തുമതിയും പാണ്ഡ്യനും ദിണ്ടിഗലിൽ നിന്ന് പൊന്നമരാവതിയിലേക്ക് യാത്ര ചെയ്യുന്ന സമയത്തായിരുന്നു ഭർത്താവിന്റെ കൊടും ക്രൂരത.
ബസിൽ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ബസിൽ കയറുന്ന സമയത്ത് പാണ്ഡ്യൻ മദ്യ ലഹരിയിലായിരുന്നു. പൊന്നമരാവതിയിലേക്ക് പോകുന്ന വേളയിൽ കണവായ്പട്ടിക്ക് സമീപമെത്തിയപ്പോഴായിരുന്നു ഭാര്യയെ ബസിൽ നിന്നും തള്ളിയിട്ടത്. വളർമതി 5 മാസം ഗർഭിണിയായിരുന്നു. എട്ട് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ദാരുണമായ സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലെത്തിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി കൂടുതൽ പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ പാണ്ഡ്യനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.















