അണ്ടർ 19 ലോകകപ്പിൽ നേട്ടങ്ങളുടെ കൊടുമുടിയിൽ ഇന്ത്യൻ താരം മുഷീർ ഖാൻ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ രണ്ടാം സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് താരം റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ചത്. ലോകകപ്പിൽ ഒന്നിൽ കൂടുതൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് മുഷീർ ഖാൻ സ്വന്തമായിരിക്കുന്നത്. മൂന്ന് സെഞ്ച്വറികൾ നേടിയ ശിഖർ ധവാനാണ് പട്ടികയിൽ ഒന്നാമത്. രണ്ട് സെഞ്ച്വറികൾ വീതം നേടിയ പ്രമുഖ താരങ്ങളുടെ പട്ടികയിൽ മുൻ ഇംഗ്ലണ്ട് താരം ഓയിൻ മോർഗൻ, പാകിസ്താൻ താരം ബാബർ അസം തുടങ്ങിയവരുമുണ്ട്.
ഒരു അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം ശിഖർ ധവാനാണ്. 505 റൺസാണ് 84.16 ശരാശരിയിൽ 2004-ലെ ലോകകപ്പിൽ ശിഖർ ധവാൻ നേടിയത്. ഈ ലോകകപ്പ് പതിപ്പിൽ മുഷീർ ഖാൻ ഇതുവരെ നേടിയത് 325 റൺസാണ്. ഇനിയും മത്സരങ്ങളുള്ളതിനാൽ ധവാനെ മറികടക്കാൻ മുഷീറിന് സാധിക്കും.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരമെന്ന ഖ്യാതി ദക്ഷിണാഫ്രിക്കയുടെ ഡിവാൾഡ് ബ്രേവിസിന് സ്വന്തമാണ്. 506 റൺസാണ് കഴിഞ്ഞ ലോകകപ്പിൽ താരം നേടിയത്. 182 റൺസ് കൂടി നേടിയാൽ മുഷീറിന് ബ്രേവിസിനെ മറികടക്കാം.















