ന്യൂഡൽഹി: ഇന്ത്യ- യുഎസ് സഹകരണം നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ള ദൃഢമായ ബന്ധമാണ് ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വരും വർഷങ്ങളിൽ യുഎസ് കമ്പനികൾക്ക് അപകടസാധ്യതകൾ കുറയ്‌ക്കാനും ഉയർന്ന വരുമാനം ലഭിക്കാനും സഹായിക്കുന്ന സംഭാവനകൾ ഇന്ത്യയ്‌ക്ക് നൽകാൻ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ന്യൂഡൽഹിയിൽ ഇൻഡോ- അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” ഇന്ത്യയും യുഎസും, സ്വതന്ത്രവും കൃത്യമായ നിയമങ്ങൾ പിന്തുടർന്ന് പ്രവർത്തിക്കുന്ന രാജ്യങ്ങളാണ്. ഇരു രാജ്യങ്ങളും പങ്കിടുന്ന താത്പര്യങ്ങൾ ഇന്ത്യ- അമേരിക്ക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തു. ഇത് ദീർഘകാല സുസ്ഥിരതയ്‌ക്കും ദൃഢതയ്‌ക്കും വഴിവയ്‌ക്കുമെന്നതിൽ സംശയമില്ല. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. അമേരിക്കയും മറ്റൊരു ജനാധിപത്യ രാജ്യമാണ്. ഈ രണ്ട് രാജ്യങ്ങൾ സഹകരിച്ച് പോകുമ്പോൾ അത് ലോകത്തിനാകെ പ്രയോജനകരമാകും.”- രാജ്‌നാഥ് സിംഗ് പറഞ്ഞു.
2047- ഓടെ വികസിത ഭാരതത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടിത്തറപാകിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ അമേരിക്കൻ നിക്ഷേപങ്ങൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകും. ഇന്ത്യയുടെ വളർന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര വിപണി, തൊഴിൽ ശക്തി, വളർന്നു വരുന്ന സമ്പദ്‌വ്യവസ്ഥ തുടങ്ങിയവ യുഎസ് കമ്പനികൾക്കും ഉയർന്ന വരുമാനം ഉറപ്പുനൽകുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ആത്മനിർഭര ഭാരതം എന്ന കാഴ്ചപ്പാട് സൗഹൃദ രാഷ്‌ട്രങ്ങളുമായി സഹകരിക്കുന്നതിനുള്ള പ്രതിബദ്ധതയാണെന്നും പ്രതിരോധ സാങ്കേതിക വിദ്യ, ബഹിരാകാശം തുടങ്ങിയവ ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരാൻ സാധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.