ടെൽഅവീവ്: ഗാസയിൽ ഹമാസിന്റെ ഭൂഗർഭ ഒളിത്താവളങ്ങളിലേക്ക് കടൽവെള്ളം പമ്പ് ചെയ്ത് ഇസ്രായേൽ സൈന്യം. ഹമാസ് ഭീകരരുടേതെന്ന് സംശയിക്കുന്ന എല്ലാ തുരങ്കങ്ങളിലും സൈന്യം കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിച്ചു. ഹമാസ് ഭീകരരുടെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇത്തരത്തിൽ ഹമാസ് ഭീകരരുടെ നൂറ് കണക്കിന് ഒളിത്താവളങ്ങൾ തകർത്തതായി സൈന്യം വ്യക്തമാക്കി.
ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരരുടെ പ്രധാന ഒളിത്താവളങ്ങളാണ് ഇത്തരം തുരങ്കങ്ങൾ. ബന്ദികളാക്കിയവരെ താമസിപ്പിക്കാനും, യുദ്ധസാമഗ്രികൾ സൂക്ഷിക്കാനുമെല്ലാം ഈ തുരങ്കങ്ങളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. കടൽവെള്ളം പമ്പ് ചെയ്ത് ഇത്തരം ടണലുകൾ ഉപയോഗശൂന്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഹമാസിന്റെ ഒളിത്താവളങ്ങളിൽ കടൽവെള്ളം പമ്പ് ചെയ്ത് നശിപ്പിക്കുന്നുവെന്ന വാർത്തകൾ ഇതിന് മുമ്പും പുറത്തുവന്നിരുന്നെങ്കിലും ഇസ്രായേൽ സൈന്യം ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇത് സ്ഥിരീകരിച്ചുകൊണ്ട് എക്സിലൂടെയാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.















