വരുന്ന വർഷത്തേക്കുള്ള സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്യുന്നിടത്ത് സ്വാദിഷ്ടമായ ഹൽവയ്‌ക്ക് എന്ത് കാര്യം? എന്നാൽ കാര്യമുണ്ട്! ബജറ്റിന്റെ രഹസ്യസ്വഭാവവും പ്രാധാന്യവും വിളിച്ചോതുന്ന ചടങ്ങാണ് ‘ഹൽവ സെറിമണി’. ബജറ്റ് അച്ചടി തുടങ്ങും മുൻപ് കേന്ദ്ര ധനമന്ത്രിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കായി ഹൽവ പാചകം ചെയ്യുന്നു.
ഒരു വലിയ ചെമ്പിലാണ് ഹൽവ തയ്യാറാക്കുന്നത്. കേന്ദ്ര ധനമന്ത്രിയാകും ഹൽവ ആദ്യം ഇളക്കുക. പിന്നാലെ ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടെ കൂടും. ധനമന്ത്രി തന്നെയാണ് ഹൽവ വിളമ്പി നൽകുന്നതും. ഡൽഹി നോർത്ത് ബ്ലോക്കിലെ ധനകാര്യ മന്ത്രാലയത്തിലാണ് ഈ അപൂർവ ചടങ്ങ് നടക്കുക. ബജറ്റിന് 15 ദിവസം മുൻപാണ് ഈ ചടങ്ങ് നടക്കുന്നിരുന്നതെങ്കിൽ ഇപ്പോൾ നാലോ അഞ്ചോ ദിവസം മുൻപാണ് ഇത് നടക്കുന്നത്.
ഹൽവ കഴിച്ച് സന്തോഷം പങ്കിടുന്നതോടെ പരിപാടി കഴിഞ്ഞില്ല. മധുരം നുകർന്ന ഉദ്യോഗസ്ഥർക്കും ബജറ്റിൽ ഏർപ്പെടുന്ന ഒരാൾക്കും ബജറ്റ് വെളിച്ചും കാണും വരെ പുറം ലോകം കാണാൻ സാധിക്കില്ല. ഔദ്യോഗിക ടെലിഫോണിലൂടെ മാത്രമാകും ബന്ധപ്പെടാൻ സാധിക്കുക. അടിയന്തര ഘട്ടത്തിൽ വീട്ടുകാർക്ക് മാത്രമാണ് ബന്ധപ്പെടാൻ കഴിയുന്നത്. എന്നാൽ നേരിട്ട് ബന്ധപ്പെടാൻ സാധിക്കില്ലെന്നതും ശ്രദ്ധേയം. പുറത്ത് നിന്നുള്ള പ്രവേശനവും അനുവദിക്കില്ല. ആകെ 200-ഓളം ഉദ്യോഗസ്ഥരാകും ധനകാര്യ മന്ത്രാലയത്തിൽ ഉണ്ടാവുക. ബജറ്റ് അവതരിപ്പിക്കുന്നതു വരെ എല്ലാവരും അവിടെത്തന്നെ തുടരുന്നു.
ഭക്ഷണം, ചികിത്സ, ആംബുലൻസ് എല്ലാം സജ്ജീകരണവും ഇവിടെയുണ്ടാകും. പോലീസ്, ഇന്റലിജൻസ് ബ്യൂറോ തുടങ്ങിയവരുടെ സുരക്ഷയിലാകും ഇവർ ധനമന്ത്രാലയത്തിൽ തങ്ങുക. ‘ക്വാറന്റൈൻ ഏരിയ’ എന്നാണ് ഈ മേഖല അറിയപ്പെടുന്നത്. പുറം ലോകവുമായി ബന്ധമില്ലാതെ തീർത്തും ഒറ്റപ്പെട്ട് കഴിയുന്നതിനാലാണ് പ്രദേശത്തിന് ഈ പേര് വന്നത്. ബജറ്റിനെ കുറിച്ചുള്ള ചർച്ചകളും മിനുക്ക് പണികളും മാത്രമാകും ഈ സമയം. ബജറ്റിന്റെ സുരക്ഷയെ കരുതിയുള്ളതാണ് ഈ നടപടി. ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയ്‌ക്കും ത്യാഗത്തിനും നന്ദി അറിയിക്കുന്നതാണ് ധനമന്ത്രി നേരിട്ട് വിളമ്പുന്ന ഹൽവ. ഡിജിറ്റൽ കാലത്തും ഇത് തുടരുന്നു.
1950-ൽ മലയാളിയായ ജോൺ മത്തായി ധനമന്ത്രിയായിരിക്കേ ബജറ്റിലെ ഒരു പേജ് ചോർന്നു. അതിന് ശേഷമാണ് സുരക്ഷ കർശനമാക്കിയത്. രാഷ്‌ട്രപതി ഭവനിലായിരുന്നു അതുവരെ ബജറ്റ് അച്ചടിച്ചിരുന്നത്. വിവരങ്ങൾ ചോർന്നതോടെ മിന്റോ റോഡിലെ സർക്കാർ പ്രസിലേക്ക് മാറ്റി. 1980-ന് ശേഷം മന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലെ ബേസ്മെന്റിലെ പ്രസിലായി അച്ചടി. എന്നാൽ ഡിജിറ്റൽ കാലമായതോടെ പേപ്പറും അച്ചടിയും ഇല്ലെങ്കിലും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. ഹൽവാ സെറിമണിയും മാറ്റമില്ലാതെ തുടരുന്നു. ബജറ്റ് ധനമന്ത്രി ലോക്സഭയിൽ സമർപ്പിച്ച ശേഷമാകും ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും മന്ത്രാലയം വിടുക. പേപ്പറിന്റെ കാലത്തേക്കാൾ കുറഞ്ഞ ദിവസം പൂട്ടി കെട്ടിയിരുന്നാൽ മതിയെന്ന് മാത്രം.