ലക്നൗ: ജ്ഞാൻവാപി സമുച്ചയത്തിൽ നിന്നും മഹാവിഷ്ണുവിന്റെയും ഹനുമാന്റെയും വിഗ്രഹങ്ങൾ കണ്ടെത്തി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ അന്വേഷണത്തിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ഭഗവാൻ ഹനുമാനും വിഷ്ണുവുമായി ബന്ധപ്പെട്ട നിരവധി പുരാവസ്തുക്കളും കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവ്വേ റിപ്പോർട്ടിൽ പറയുന്നു.
ഖനനത്തിൽ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ വിവിധ ആരാധന മൂർത്തികളുടെ വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭാഗീകമായി കേടുപാടുകൾ സംഭവിച്ച വിഗ്രഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഹനുമാന്റെ വിഗ്രഹത്തിൽ പകുതി ഭാഗം മാത്രമാണുള്ളത്.
ചില വിഗ്രഹങ്ങളിൽ പകുതി ഭാഗം മനുഷ്യരൂപത്തിലും പകുതി ഭാഗം പാമ്പിനെയും ചിത്രീകരിക്കുന്നു. ഇത് മഹാവിഷ്ണുവിന്റെ വരാഹ അവതാരമെന്നാണ് വിശ്വസിക്കുന്നത്. കണ്ടെത്തിയ വിഷ്ണുവിന്റെ വിഗ്രഹത്തിൽ ചക്രവും ശംഖവും നാല് കൈകളും കാണാം.
അടുത്തിടെ, ജ്ഞാൻവാപി സമുച്ചയത്തിൽ രാമജന്മഭൂമി മാതൃകയിൽ ഖനനം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ജ്ഞാനവാപിയുടെ നിലവിലുള്ള ഘടനയ്‌ക്ക് ഒരു തരത്തിലും കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ ഖനനം നടത്തണമെന്ന് ഹിന്ദു പക്ഷ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ കോടതിയെ അറിയിച്ചു.