ചെറിയ ബജറ്റിൽ പുറത്തിറങ്ങി തിയേറ്ററുകളെ ഇളക്കി മറിച്ച സൂപ്പർഹിറ്റ് സിനിമയാണ് ഹനുമാൻ. തേജ സജ്ജ നായകനായി എത്തിയ ചിത്രത്തിന് ആഗോള ബോക്‌സ് ഓഫീസിൽ തന്നെ മികച്ച കളക്ഷൻ നേടാൻ സാധിച്ചു. പ്രശാന്ത് വർമ്മയുടെ സംവിധാനത്തിൽ 12 ഭാഷകളിലായാണ് ഹനുമാൻ ചിത്രം പുറത്തിറങ്ങിയത്.
ഇപ്പോഴും തിയേറ്ററുകളിൽ തരംഗങ്ങൾ തീർക്കുന്ന ഹനുമാൻ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് മാർച്ച് രണ്ടിനായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സി5 ആയിരിക്കും ചിത്രത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോം. ഇപ്പോഴും തിയേറ്ററുകളിൽ ഓടികൊണ്ടിരിക്കുന്ന ചിത്രം 1 കോടിയിലേറെ പേർ കണ്ടതായും നിർമ്മാതാക്കാളായ പ്രൈംഷോ എന്റർടൈമെന്റ് പറയുന്നു. ജനുവരി 12ന് പുറത്തിറങ്ങിയ സിനിമ ഇതിനോടകം തന്നെ ആഗോള ബോക്‌സ് ഓഫീസിൽ 250 കോടിയിലേറെ നേടിയിട്ടുണ്ട്.
ലോകത്തെ നശിപ്പിക്കാൻ വരുന്ന ദുഷ്ട ശക്തികളിൽ നിന്നും ഭഗവാൻ ഹനുമാന്റെ ശക്തി ലഭിക്കുന്ന അമാനുഷികനായ യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. തേജ സജയ്‌ക്ക് പുറമെ അമൃത അയ്യർ, വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണെല കിഷോർ, സമുദ്രക്കനി, ഗെറ്റപ്പ് ശ്രീനു, സത്യ, രോഹിണി, രാകേഷ് മാസ്റ്റർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.















