ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിവരിച്ച് രാഷ്‌ട്രപതി. നവഭാരതത്തിന്റെ ഉദയമാണെന്നും രാജ്യം വികസനത്തിന്റെ പാതയിലാണെന്നും ദ്രൗപദി മുർമു പറഞ്ഞു. പാർലമെന്റ് മന്ദിരത്തിന് ശ്രേഷ്ഠ ഭാരതത്തിന്റെ സുഗന്ധമുണ്ടെന്നും ഭാരതത്തിന്റെ സംസ്കാരത്തിന്റെയും നാഗരികതയുടെയും മഹത്വം പ്രതിഫലിപ്പിക്കാനും കഴിയുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
നേട്ടത്തിന്റെ വർഷമായിരുന്നു കഴിഞ്ഞ വർഷം ഭാരതത്തിന്. നിരവധി വിജയങ്ങൾ ഉണ്ടായി. അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാഷ്‌ട്രം മാറി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാഷ്‌ട്രമായി ഇന്ത്യ മാറി. വിജയകരമായ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചതോടെ ലോകത്ത് ഇന്ത്യയുടെ പങ്ക് അടയാളപ്പെടുത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 100-ലധികം മെഡലുകൾ നേടി. അടൽ ടണലും യാഥാർത്ഥ്യമായി. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നടത്തിയ പദ്ധതികളുടെ വിപുലീകരണമാണ് ഇന്ന് കാണുന്ന ഇന്ത്യ.
കുട്ടിക്കാലം മുതൽ ദാരിദ്രത്തെ തുടച്ചുനീക്കണമെന്ന ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കേട്ടാണ് വളർന്നത്. എന്നാൽ ഇന്ന് ജീവിതത്തിൽ ആദ്യമായി വൻതോതിൽ ദാരിദ്ര്യ നിർമ്മാർജ്ജനം നടപ്പിലാക്കുന്നത് നേരിട്ട് കാണുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവ രാജ്യത്തിന്റെ ശക്തിയായി മാറിയെന്നും പ്രതിരോധ ഉൽപ്പാദനം ഒരു ലക്ഷം കോടി കടന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ആദ്യ അഭിസംബോധനയാണ് ഇതെന്നും രാഷ്‌ട്രപതി പറഞ്ഞു. പാർലമെൻ്ററി പാരമ്പര്യം കാത്തുകൊണ്ട് ജനാധിപത്യപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയണം. 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ പുതിയ പാരമ്പര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയവും ഈ പുതിയ മന്ദിരത്തിനുണ്ട്. നയങ്ങളെക്കുറിച്ച് അർത്ഥവത്തായ സംഭാഷണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഈ മന്ദിരത്തിന് കഴിയുമെന്നും ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.















