ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിലെ നീണ്ട വാരാന്ത്യത്തിൽ കർണ്ണാടകയിലെ ട്രക്കിംഗ് സ്പോട്ടായ കുക്കെ കുമാരപർവ്വതത്തിലെ അഭൂതപൂർവ്വ തിരക്ക് സൈബർ ലോകത്ത് വൈറലായതിന് പിന്നാലെ കടുത്ത നടപടിയുമായി കർണ്ണാടക സർക്കാർ. ജനുവരി 26-ന് നാലായിരത്തിൽപ്പരം പേരാണ് കുമരപർവ്വതം കയറാനായി കുക്കെ സുബ്രമണ്യയിലെത്തിയത്. ആശങ്കാജനകമാം വിധം വലിയ ഈ ജനക്കൂട്ടത്തിന്റെ വീഡിയോകൾ ഇൻ്റർനെറ്റിൽ പ്രചരിച്ചിരുന്നു.
ദക്ഷിണ കന്നഡ, കുടക്, ഹാസൻ ജില്ലകളുടെ അതിർത്തിയിൽ കർണ്ണാടകയിലെ പുഷ്പഗിരി വന്യജീവി സങ്കേതത്തിലാണ് കുമാരപർവ്വതം സ്ഥിതി ചെയ്യുന്നത്. മലയുടെ കൊടുമുടിക്ക് സമുദ്രനിരപ്പിൽ നിന്ന് 5,615 അടി ഉയരമാണുള്ളത് . മൂന്ന് ജില്ലകളിൽ നിന്നും മൂന്ന് വശത്തുനിന്നും ട്രക്കിംഗ് നടത്താം. സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ പിൻ ഗേറ്റിൽ നിന്നാണ് ഒരു ട്രെക്കിംഗ് ആരംഭിക്കുന്നത്, അവിടെ നിന്ന് കുമാര പർവ്വത കൊടുമുടിയിലേക്ക് 12 കിലോമീറ്റർ ദൂരമുണ്ട്.
ബെംഗളൂരുവിൽ നിന്ന് 280 കിലോമീറ്റർ അകലെയാണ് കുക്കെ സ്ഥിതി ചെയ്യുന്നത്. ഒരു വശത്തേക്ക് 12 കിലോമീറ്റർ നീളുന്ന ഈ ട്രെക്കിംഗ് പാത കർണാടകയിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ട്രെക്കിംഗ് പ്രേമികളുടെയും ഹൃദയം കവർന്നിട്ടുണ്ട്.
@VisitUdupi എന്ന X ഹാൻഡിൽ പങ്കിട്ടിരിക്കുന്ന കുമാരപർവ്വതത്തിലെ ട്രാക്കിംഗ് പാതയുടെ തുടക്കത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് വിവാദമായത്. ഇതിന്റെ അടിക്കുറിപ്പിൽ, ഇന്ത്യയിൽ 1.4 ബില്യൺ ജനസംഖ്യയുണ്ടെന്നും, നീണ്ട വാരാന്ത്യത്തിലോ തിരക്കേറിയ സീസണിലോ രാജ്യത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും പറയുന്നു. ബാക്ക്പാക്ക് ധരിച്ച്, സ്ലീപ്പിംഗ് ബാഗുകൾ കൈയിൽ പിടിച്ച്, തങ്ങളുടെ പങ്കാളികളുമായി ഉച്ചത്തിൽ സംസാരിക്കുന്ന ട്രെക്കർമാരുടെ ഒരു വളഞ്ഞു പുളഞ്ഞ ക്യൂവാണ് വൈറലായ വീഡിയോയിൽ കാണുന്നത്.
The population of India is 1.4B, avoid travelling to popular tourism destinations within India on long weekends or during the peak season. pic.twitter.com/hmV4zNLsx3
— Visit Udupi (@VisitUdupi) January 27, 2024
മൂന്ന് ദിവസം നീണ്ട വാരാന്ത്യത്തിൽ ഏതാണ്ട് 4000-ത്തോളം വരുന്ന ട്രെക്കർമാർ കുക്കെ സന്ദർശിച്ചുവെന്നാണ് കണക്ക്. താരതമ്യേന കുഗ്രാമവും പരിസ്ഥിതി ലോല പ്രദേശവുമായി കുക്കെയിലേക്കുള്ള യാത്രക്കാരുടെ വൻതോതിലുള്ള ഒഴുക്ക് പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ട് പരിസ്ഥിതിതി പ്രവർത്തകർ രംഗത്തു വന്നു . വീഡിയോ വൈറലായതോടെ നടപടി വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
തുടർന്ന് കുമാരപർവ്വതം സന്ദർശിച്ച് നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ മടിക്കേരി വനംവകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററെ ചുമതലപ്പെടുത്തി.എൻട്രി പോയിൻ്റിൽ നിന്നാണ് വൈറലായ വീഡിയോ എടുത്തതെന്ന് കുടക് സർക്കിളിലെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മനോജ് കുമാർ ത്രിപാഠി പറഞ്ഞു. ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് നിരോധിത വസ്തുക്കളും യാത്രക്കാർ വ്യാപകമായി തള്ളിയിട്ടുണ്ട്.
തുടർന്ന് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ട്രെക്കിംഗ് റൂട്ടുകൾ ഒഴികെയുള്ള വനമേഖലകളിലെ ട്രെക്കിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ചൊവ്വാഴ്ച വനം വകുപ്പിന് നിർദ്ദേശം നൽകി. ട്രെക്കിംഗ് നിരോധനം ഫെബ്രുവരി ഒന്ന് മുതൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ രൂപീകരിക്കുന്നത് വരെ പ്രാബല്യത്തിൽ വരും. കർണാടക ഇക്കോടൂറിസം ബോർഡിന്റെ കീഴിലുള്ള ഓരോ ട്രക്കിംഗ് ലൊക്കേഷനിലും 150 ട്രക്കിംഗ് ആളുകളെ മാത്രമേ വനംവകുപ്പ് അനുവദിക്കൂ.
വനത്തിനുള്ളിലെ കാടും പുൽമേടും പൂർണമായും ഉണങ്ങിപ്പോയതിനാലും തീപിടിക്കാൻ സാധ്യതയുള്ളതിനാലും ഈ ഭാഗത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് വനംവകുപ്പ് നിരോധിച്ചിട്ടുണ്ട്. കുമാരപർവ്വതത്തിൽ ട്രെക്കിംഗ് നടത്തരുതെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർ വന്യജീവി സംരക്ഷണ നിയമപ്രകാരം ശിക്ഷിക്കപ്പെടും.
അല്ലാതെ തന്നെ മാർച്ച് മുതൽ സെപ്റ്റംബർ വരെ ട്രെക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന് ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. കാട്ടുതീയും മഴക്കാലവുമാണ് ഇതിന് കാരണം.
ഒരു വശത്ത് പച്ചപ്പ് നിറഞ്ഞ പുല്ലും സസ്യജാലങ്ങളും മറുവശത്ത് തിളങ്ങുന്ന ഭൂപ്രദേശവും കൊണ്ട് പൊതിഞ്ഞ കുമാരപർവ്വതത്തിന് അഭൂത പൂർവ്വമായ ഭംഗിയാണ് ഉള്ളത്. ഇത് ആസ്വദിക്കാൻ മഴക്കാലം ഒഴികെയുള്ള എല്ലാ മാസങ്ങളിലും ദിവസവും 25 മുതൽ 30 വരെ ട്രക്കിംഗ് സംഘങ്ങൾ കുമാരപർവ്വതത്തിലേക്ക് എത്തുന്നുണ്ട്. ഒക്ടോബറിനും ഫെബ്രുവരിക്കും ഇടയിലുള്ള സമയമാണ് ഇതിന് അനുയോജ്യമെന്ന് കരുതപ്പെടുന്നു.