ന്യൂഡൽഹി: സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ( എസ്എഫ്‌ഐഒ) അന്വേഷണത്തിൽ വരിഞ്ഞ് മുറുകി വീണാ വിജയനും എക്‌സാലോജികും. കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും വലിയ അന്വേഷണമാണ് എസ്എഫ്‌ഐഒ നടത്തുന്നത്. സാമ്പത്തിക തട്ടിപ്പിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ കയ്യിൽ നിന്നാണ് എസ്എഫ്‌ഐഒ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. വീണ വിജയനും സിഎംആർഎല്ലിനും കെഎസ്‌ഐഡിസിക്കുമെല്ലാം വെല്ലുവിളിയായിരിക്കും പുതിയ അന്വേഷണം. അതിവേഗം പരിശോധനയിലേക്കും വിളിച്ചുവരുത്തിയുളള ചോദ്യം ചെയ്യലിലേക്കും എസ്എഫ്‌ഐഒ കടക്കാൻ സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യമെന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ വെളിച്ചത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസിന്റെ അന്വേഷണം.
ഷോൺ ജോർജിന്റെ പരാതിയിന്മേലാണ് എസ്എഫ്‌ഐഒയ്‌ക്ക് അന്വേഷണം കൈമാറിയത്. കമ്പനീസ് ആക്ട് 212 എ ആൻഡ് സി ചട്ട പ്രകാരമായിരുന്നു ആർഒസി അന്വേഷണം നടത്തിയിരുന്നത്. പ്രാഥമിക അന്വേഷണം നടത്തിയ ബെംഗളൂരു ആർഒസിയും എറണാകുളം ആർഒസിയും എക്‌സാലോജിക്ക്-സിഎംആർഎൽ ഇടപാടിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. വീണയ്‌ക്കും എക്‌സാലോജിക്കിനുമെതിരെ ഗുരുതര ചട്ടലംഘനം കണ്ടെത്തിയതിനാൽ കേസ് ആർഒസിയിൽ നിന്ന് എസ്എഫ്‌ഐഒയ്‌ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഷോൺ ജോർജ്് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ ഉപഹർജി പരിഗണിക്കുന്നതിനിടെയാണ് കോർപ്പറേറ്റ് അഫേയേഴ്‌സ് മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്.
അഡീഷണൽ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കേസ് അന്വേഷിക്കുക. കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തിൽ ഉൾപ്പെടും. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദാണ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ. ഇപ്പോഴുള്ള അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഏട്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, എക്‌സാലോജിക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണം ഉയർന്നതിനെപ്പറ്റി നിയമസഭയിൽ ചർച്ചവന്നപ്പോൾ തന്റെ കൈകൾ ശുദ്ധമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.