ന്യൂഡൽഹി: 2024-ന്റെ ആദ്യ മാസത്തിൽ ജിഎസ്ടി വരുമാനത്തിൽ കുതിപ്പ്. ജനുവരിയിൽ രാജ്യമൊട്ടാകെയുള്ള ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായി. ജിഎസ്ടി നിലവിൽ വന്നതിന് ശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ വരുമാനമാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഡിസംബറിലെ ജിഎസ്ടി വരുമാനം 1.64 ലക്ഷം കോടിയായിരുന്നു. എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ കടക്കുന്നത്. മൂന്നാം തവണയാണ് വരുമാനം 1.70 ലക്ഷം കോടി കടക്കുന്നതും. കേന്ദ്ര ബജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനാൽ ഒരു ദിവസം മുൻപാണ് ജിഎസ്ടി വരുമാന കണക്കുകൾ ധനമന്ത്രാലയം പുറത്തുവിട്ടത്. ഇന്നലെത്തെ കണക്കുകൾ കൂടി പുറത്തുവരുന്നതോടെ തുക ഇനിയും ഉയരും.
ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 1,72,129 കോടി രൂപയാണ് മൊത്തം ജിഎസ്ടിയായി ലഭിച്ചത്. 2023 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള പത്ത് മാസം കൊണ്ട് 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചിട്ടുള്ളത്. മുൻ വർഷത്തെ 14.96 ലക്ഷം കോടി രൂപയേക്കാൾ 11.6 ശതമാനത്തിന്റെ വരുമാന വളർച്ച. എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ജിഎസ്ടി ശേഖരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ജിഎസ്ടി പരിഷ്കരണങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിന് കൂടുതൽ അവസരമൊരുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.